ഒറ്റമൂലിക്കായി പീഡനം, കൊലപാതകം; പ്രതി ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ്, പിടിയിലാവാനുള്ളത് 5 പേര്‍


ഒറ്റമൂലി അറിയാന്‍ പീഡനം, കൊലപാതകം; ഷൈബിന്‍ ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ്, പിടിയിലാവാനുള്ളത് അഞ്ചുപേര്‍

ഷൈബിൻ അഷ്‌റഫ്, ഷാബാ ഷെരീഫ്

മലപ്പുറം: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ നാട്ടുവൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാലു പ്രതികളും കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്. നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ കേസില്‍ ഒന്‍പതു പ്രതികളുണ്ട്. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവരാന്‍ സഹായിച്ച അഞ്ചുപേരാണ് പിടിയിലാകാനുള്ളത്.

മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ(60)യാണ് 2019 ഓഗസ്റ്റില്‍ ഷൈബിന്റെ നേതൃത്വത്തില്‍ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. ഒറ്റമൂലി മനസ്സിലാക്കി മരുന്നുകച്ചവടത്തിലൂടെ പണമുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഒരുവര്‍ഷത്തിലധികം ചങ്ങലയില്‍ ബന്ധിച്ച് വീടിന്റെ ഒന്നാംനിലയിലെ മുറിയിലിട്ട് പീഡിപ്പിച്ചെങ്കിലും വൈദ്യന്‍ രഹസ്യം വെളിപ്പെടുത്തിയില്ല. പീഡനത്തെത്തുടര്‍ന്ന് 2020 ഒക്ടോബറില്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു.

തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം ചെറു കഷണങ്ങളാക്കി എടവണ്ണ പാലത്തിനു മുകളില്‍നിന്ന് ചാലിയാറിലേക്കെറിഞ്ഞു. ഇതിനു സഹായിച്ച സുല്‍ത്താന്‍ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരും കുറ്റം സമ്മതിച്ചു.

വൈദ്യനെ തട്ടിക്കൊണ്ടുവരാന്‍ സഹായിച്ച നാലാളുകളുടെ പേരും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.

കുറ്റകൃത്യത്തില്‍ സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കവര്‍ച്ച നടത്തി. ഇതിനെതിരേ ഏപ്രില്‍ 24-ന് ഷൈബിന്‍ നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കി.

ഇതാണ് കേസില്‍ വഴിത്തിരിവായത്. ഷൈബിന്റെ പരാതിയില്‍ പോലീസ് നൗഷാദിനെ അറസ്റ്റുചെയ്തു. അതിനുപിന്നാലെ ഏപ്രില്‍ 29-ന് മറ്റു പ്രതികളായ ഷിഹാബുദ്ദീനും നിഷാദും സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി.

ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് നാട്ടുവൈദ്യന്റെ കൊലപാതകം പുറത്തറിയുന്നത്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവരുടെ പെന്‍ഡ്രൈവില്‍നിന്ന് കണ്ടെത്തിയതായും പോലീസ് മേധാവി പറഞ്ഞു.

ഷൈബിന്‍ അഷ്റഫ് ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ്

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ നാട്ടുവൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ബുദ്ധിമാനായ കുറ്റവാളിയാണെന്ന് പോലീസ് മേധാവി പറഞ്ഞു. ഓരോ ചുവട് വെക്കുന്നതിലും അതീവ സൂക്ഷ്മത കാണിക്കുന്നയാളാണ്. പത്തുവര്‍ഷംകൊണ്ട് 300 കോടിയോളം സ്വത്ത് സമ്പാദിച്ചു. പ്രവാസി വ്യവസായി എന്നാണ് സ്വയം പരിചയപ്പെടുത്തുക. നിലമ്പൂരിലെ വീട് വാങ്ങിയത് രണ്ടുകോടി രൂപയ്ക്ക്. ഷൈബിന്‍ ചെയ്തതായി മുന്‍ കൂട്ടാളികള്‍ പലതും വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

പോലീസ് പറയുന്നത്

 • അതിക്രൂരമായ മര്‍ദ്ദനമാണ് വൈദ്യന്റെ മരണകാരണം. നെഞ്ചില്‍ ചവിട്ടിയപ്പോള്‍ നിലത്തുവീണ് മരിക്കുകയായിരുന്നു.
 • പുഴയില്‍നിന്ന് ഒന്നര വര്‍ഷത്തിലധികം പഴക്കമുള്ള മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുക അതീവ ദുഷ്‌കരം.
 • കേസ് തെളിയിക്കുക അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും വെല്ലുവിളി.
 • ലാപ്ടോപ്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്ന് പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു.
 • സാഹചര്യത്തെളിവുകള്‍, ദൃക്സാക്ഷികളുടെ മൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കോടതിയില്‍ സമര്‍പ്പിച്ച് കേസ് തെളിയിക്കാന്‍ ശ്രമിക്കും.
 • നിലമ്പൂര്‍ നഗരത്തില്‍നിന്നാണ് കൊല്ലപ്പെട്ട വൈദ്യന്റെ ശരീരം മുറിക്കാനുള്ള ആയുധങ്ങള്‍ ശേഖരിച്ചത്.
 • അന്വേഷണസംഘം മൈസൂരുവില്‍ പോയി വിവരങ്ങള്‍ ശേഖരിച്ചു.
 • വൈദ്യനെ ഷൈബിന്‍ വീട്ടുതടങ്കലിലാക്കിയതില്‍ ഭാര്യയടക്കമുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഷൈബിന് പുറമേ ഭാര്യയും ചെറിയ കുട്ടിയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
 • അന്വേഷണത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച്, നിലമ്പൂര്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം. മേല്‍നോട്ടച്ചുമതല എസ്.പിക്ക്.
 • ഷൈബിനും കൂട്ടാളികളും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതായാണ് സൂചന. സാമ്പത്തിക ഇടപാടുകളാണ് തര്‍ക്കത്തിന് കാരണം.
 • പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
രക്ഷപ്പെടാന്‍ ആത്മഹത്യാ നാടകം

തിരുവനന്തപുരം: ചതിയിലും ക്രൂരതയിലും കൂട്ടായിനിന്ന് ഒടുവില്‍ 'വഞ്ചന' സഹിക്കാനാകാതെയായിരുന്നു ആ ആത്മഹത്യാ നാടകം. പക്ഷേ, അതിന് പിന്നാലെപോയ പോലീസ് ചുരുളഴിച്ചത് ഞെട്ടിക്കുന്ന കൊലപാതക കഥ. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ സംഭവം പുറംലോകമറിയാന്‍ വഴിവെച്ചത് കൂട്ടുപ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ആത്മഹത്യാ നാടകമായിരുന്നു.

വ്യവസായിയെ വീട്ടില്‍ ബന്ദിയാക്കി ഏഴുലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളും സുല്‍ത്താന്‍ ബത്തേരി സ്വദേശികളുമായ സലീം, സക്കീര്‍, നൗഷാദ്, നിഷാദ്, സൈറസ് എന്നിവര്‍ കഴിഞ്ഞ 30-നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് പോലീസിനെ മുള്‍മുനയിലാക്കിയായിരുന്നു നാടകീയ രംഗങ്ങള്‍.

തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ തങ്ങളെ ചതിച്ചതാണെന്നും വിളിച്ചുപറഞ്ഞായിരുന്നു ഇവര്‍ ബഹളം വെച്ചത്. ''പരാതിക്കാരനായ ഷൈബിന്‍ അഷറഫിന്റെ കീഴില്‍ നിരവധി കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. കൊലക്കേസുമായി ബന്ധപ്പെട്ട തെളിവ് തങ്ങളുടെ കൈയിലുണ്ട് ''-ഒരു പെന്‍ഡ്രൈവ് ഉയര്‍ത്തിക്കാട്ടി അവര്‍ പറഞ്ഞു.

അഗ്‌നിരക്ഷാസേന എത്തി വെള്ളം ചീറ്റിച്ച ശേഷം പോലീസ് ഇവരെ അനുനയിപ്പിച്ച് ജീപ്പില്‍ കയറ്റി കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും ആത്മഹത്യാ ശ്രമത്തിന് കേസെടുക്കയും ചെയ്തു. ഷൈബിന്‍ തങ്ങളെക്കൊണ്ട് ഒരു കൊലപാതകം ചെയ്യിപ്പിച്ചിട്ടുണ്ട് എന്നാണ് ഇവര്‍ അന്ന് പോലീസിനോട് പറഞ്ഞത്.

എന്നാല്‍, തങ്ങള്‍ക്ക് വാഗ്ദാനംചെയ്ത പണം തരാത്തതിനാലാണ് മോഷണം നടത്തിയതെന്നും തങ്ങളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ കന്റോണ്‍മെന്റ് പോലീസ് ഇവരെ നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. നിലമ്പൂര്‍ പോലീസ് മൂവരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത് പുറംലോകമറിഞ്ഞത്.

Content Highlights: Mysuru healer abducted by Nilambur industrialist in 2019 for secret cure of piles and killed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented