ശ്രുതി, സുബ്രഹ്മണ്യനും ഭാര്യ ശ്രീദേവിയും
തൃശ്ശൂര്‍: വിവാഹത്തിന്റെ 14-ാം ദിവസം ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശ്രുതിയുടെ വിവാഹം നടന്നത് ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍. ഐടിഐയില്‍ സര്‍വേയര്‍ കോഴ്സ് പഠിക്കുന്പോഴാണ് സീനിയര്‍ വിദ്യാര്‍ഥിയായ അരുണുമായി പ്രണയത്തിലായത്.
പഠനം കഴിഞ്ഞ് ശ്രുതിക്ക് താത്കാലിക ജോലി കിട്ടിയപ്പോള്‍ വീട്ടുകാര്‍ വിവാഹത്തിനായുള്ള ആലോചന തുടങ്ങി. അടുത്തബന്ധത്തിലുള്ള യുവാവുമായി വിവാഹം ആലോചിക്കവേയാണ് ശ്രുതി പ്രണയകാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷിക്കാനായി അച്ഛന് സുബ്രഹ്മണ്യനും ബന്ധുവും അരുണിന്റെ വീട്ടിലെത്തിയെങ്കിലും നല്ല പ്രതികരണം കിട്ടിയില്ലെന്ന് സുബ്രഹ്മണ്യന് പറയുന്നു. തുന്നല്‍ത്തൊഴിലാളിയായ സുബ്രഹ്മണ്യന് വര്‍ഷങ്ങളായി ഹൃദ്രോഗബാധിതനാണ്.
വിവാഹം നടക്കാതെ ശ്രുതി താത്കാലിക ജോലിക്കും പിന്നീട് ബി.ടെക്. പഠനത്തിനും പോയി. അഞ്ചുവര്‍ഷത്തോളം കഴിഞ്ഞാണ് ശ്രുതിക്ക് വീണ്ടും വിവാഹാേലാചന നടത്തുന്നത്. ഇതിനിടെ ശ്രുതി പി.എസ്.സി. റാങ്ക് പട്ടികയിലിടം േനടുകയും ചെയ്തു.
മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചുകഴിഞ്ഞാണ്, ശ്രുതിയെ ഇഷ്ടമാണെന്നും ഇപ്പോഴും പ്രണയത്തിലാണെന്നും പറഞ്ഞ് അരുണ്‍ ശ്രുതിയുടെ മാതാപിതാക്കളെ സമീപിച്ചത്. ഇത് ശരിയാണെന്ന് ശ്രുതിയും പറഞ്ഞതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. പ്രതിശ്രുതവരന്റെ കുടുംബത്തിന് നാലുലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടിവന്നു സുബ്രഹ്മണ്യന്.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2019 ഡിസംബര്‍ ഇരുപത്തിരണ്ടിനായിരുന്നു വിവാഹം. ജോലിയുടെ നിയമന ഉത്തരവ് കിട്ടാത്തതിലും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ശ്രുതി മാതാപിതാക്കള്‍ക്ക് സൂചന നല്‍കിയിരുന്നു.
ശ്രുതി വീട്ടിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണുമരിച്ചെന്ന് 2020 ജനുവരി ആറിന് രാത്രി ഒന്‍പതിന് ഭര്‍തൃവീട്ടുകാര്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടില്‍ കാറുണ്ടായിട്ടും ശ്രുതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വരുംവരെ കാത്തിരുന്നതും വീട്ടുകാര്‍ ആരും കൂടെ പോകാതിരുന്നതും സംശയമുണ്ടാക്കിയിരുന്നു.
മരണകാരണം ശ്വാസംമുട്ടിയാണെന്നും കഴുത്തില്‍ ക്ഷതമുണ്ടെന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത് സംശയത്തിന്റെ ആക്കം കൂട്ടി.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശ്രുതി മരിച്ചത് ശ്വാസംമുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്.
കേസന്വേഷണം തിരിച്ചുവിടാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നതിന് അന്തിക്കാട് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണുണ്ടായത്. സംഭവം നടന്നിട്ട് രണ്ടരവര്‍ഷമായിട്ടും ഈ മാതാപിതാക്കള്‍ക്ക് നീതി കിട്ടിയിട്ടില്ല. ഏകമകള്‍ മരിച്ച അന്നുമുതല്‍ അമ്മ ശ്രീദേവി മാനസികമായി താളംതെറ്റി ചികിത്സയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..