ജോലിക്കായി മലേഷ്യൻ പെൺകുട്ടികൾ, ഹാക്കിങ്, സ്കാമിങ്, കാസിനോ; മ്യാന്മാറിലേത് തട്ടിപ്പിന്റെ വലിയ ലോകം


സുപ്രദ പ്രസാദ്

ചോറും മഞ്ഞളിട്ട ചിക്കൻ കറിയുമാണ് ജീവനക്കാർക്കു ഭക്ഷണമായി നൽകിയിരുന്നത്. ഇത് കഴിക്കാൻ കഴിയില്ല. പിന്നെയുള്ളത് നൂഡിൽസ് ആണ്. ഇത് അമിതമായി കഴിച്ചാണ് അസുഖമായത്. മ്യാവാടിയിലെ പോലീസ് സ്റ്റേഷന്റെ പരിധിയിൽത്തന്നെ ഈ കമ്പനിയുടെ ഒരു മേഖലാ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം, നാട്ടിലേക്ക് മടക്കി അയക്കണമെന്നാവശ്യവുമായി തട്ടിപ്പിനിരയായവർ മ്യാൻമാറിലെ കമ്പനിയിൽ സമരം നടത്തിയപ്പോൾ

ആലപ്പുഴ: നാലുമാസം അനുഭവിച്ചത് കടുത്ത മാനസിക പീഡനം. ചെയ്ത ജോലിയുടെ ശമ്പളമായി ഒരുരൂപ പോലും തന്നില്ല. നഷ്ടപ്പെട്ടത് രണ്ടു ലക്ഷത്തോളം രൂപ- ജോലി തട്ടിപ്പിനിരയായി മ്യാൻമാറിൽനിന്നു നാട്ടിലെത്തിയ ആലപ്പുഴ സ്വദേശി സിനാജ് സലീമിന്റെ വാക്കുകളാണിത്. ജൂലായ് 20-ന് നാട്ടിൽനിന്നു പുറപ്പെട്ടതാണ്. തിരികെയെത്തിയത് വെള്ളിയാഴ്ച. ഏറെ പ്രതീക്ഷയോടെ ജോലിക്കായി പുറപ്പെട്ട ഈ യുവാവും സുഹൃത്തുക്കളും എത്തിപ്പെട്ടത് തട്ടിപ്പിന്റെ അതിഭീകരമായ ലോകത്താണ്.

തുടക്കം പ്രൊഫഷണൽസുഹൃത്തു മുഖേനയാണ് അവസരം വന്നത്. അടുത്ത സുഹൃത്തായതിനാൽ തട്ടിപ്പാകുമെന്നു വിചാരിച്ചില്ല. ജോലിക്ക് അപേക്ഷിച്ചതുമുതൽ വിസ ലഭിച്ചതുവരെയുള്ള എല്ലാക്കാര്യങ്ങളും തനി ‘പ്രൊഫഷണൽ’. ബി-ടെക് പൂർത്തിയാക്കി മെഡിക്കൽ റെപ്രസെന്റേറ്റീവായി നാട്ടിൽ ജോലി ചെയ്യുകയായിരുന്നു.

ഫെയ്സ്ബുക്ക് പരസ്യം ജോലിയാണെന്നാണു പറഞ്ഞത്. എ.ഐ.എസ്. കമ്പനി എന്നാണ് പേരു പറഞ്ഞത്. തിരക്കിയപ്പോൾ അങ്ങനെ ഒരു കമ്പനിയുള്ളതായി വ്യക്തമായി. വിസയും താമസത്തിനുള്ള ഹോട്ടലും വിവരങ്ങളുമെല്ലാം കൃത്യം. ജൂലായ് 20-നു പുറപ്പെട്ടു. 21-നു തായ്‌ലാൻഡിൽ എത്തി. അവിടെനിന്നു കൂട്ടാൻ ഒരു വനിതയാണ് എത്തിയത്. തന്റെ കൂടെ ആലപ്പുഴ സ്വദേശിയായ മുഹമ്മദ് ഹിജാസ്, റഷ്യൻ യുവതി എന്നിവരുമുണ്ടായിരുന്നു. പോകുന്ന വഴി അത്ര സുഖകരമായി തോന്നാഞ്ഞതുകൊണ്ട് കാര്യം തിരക്കി. “ഇവിടെ അല്പം പ്രശ്നമാണ്. നിങ്ങളെ സുരക്ഷിതമായി എത്തിക്കാനാണ്”- എന്നായിരുന്നു വനിതയുടെ മറുപടി.

കുറേദൂരം കഴിഞ്ഞപ്പോൾ പട്ടാളക്കാർ തോക്കുമായി കയറി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്തെങ്കിലും ചോദിച്ചാൽ തോക്കു ചൂണ്ടും. ഫോണിൽ റെയ്ഞ്ച് ഇല്ലാതായി. റഷ്യക്കാരിയുടെ ഫോൺ ഉപയോഗിച്ചു പരിശോധിച്ചപ്പോഴാണ് മ്യാൻമാറിലാണെന്നും അതിർത്തിയായ മ്യാവാടിയിലെത്തിയെന്നും മനസ്സിലാക്കുന്നത്. ചോളക്കാട്ടിലൂടെ, അരുവിക്കു കുറുകെയായിരുന്നു യാത്ര. അവിടെനിന്ന് കമ്പനിയുടെ കാമ്പസിലെത്തിച്ചു.

സിനാജ് സലീം

ഫോൺ ഉപയോഗിക്കാൻ പറ്റില്ല. അതിനാൽ കമ്പനിയുടെ ഒരു ഫോണും അവിടത്തെ സിമ്മും ഒളിച്ചുവെച്ചു. അതിലൂടെയാണു വിവരങ്ങൾ നാട്ടിലേക്ക് അറിയിച്ചിരുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്, യു.പി., ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ളവർ സംഘത്തിലുണ്ട്. ആകെ 38 പേർ. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ജോലിചെയ്യാൻ പറ്റില്ലെന്നു നാട്ടിലെ ഏജന്റിനെ അറിയിച്ചു. 10 ദിവസം കാക്കാനും അതിനുള്ളിൽ ശരിയാക്കാമെന്നും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. ഇതോടെ ജോലിയിൽ തുടരാൻ താത്പര്യമില്ലെന്നും നാട്ടിലേക്കു മടങ്ങണമെന്നും കമ്പനിയിൽ പറഞ്ഞു. 33 പേർ ജോലിചെയ്യാതെ ഒരുദിവസം സമരംചെയ്തു. ഇതോടെ ചർച്ച നടത്തി. ആറുമാസത്തിനുള്ളിൽ നാട്ടിലേക്കയക്കാമെന്നായി. പറ്റില്ലെന്നറിയിച്ചു ഷോക്കടിപ്പിക്കുന്നു ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മുറിയിൽ അപ്രതീക്ഷിതമായി മൂന്നു ചൈനക്കാർ എത്തി ഷോക്കടിപ്പിച്ചു. ഇതേ ഉപകരണംകൊണ്ട് മറ്റൊരാളുടെ മുറിയിൽക്കയറി അയാളുടെ തലയ്ക്കടിച്ചു. കാതുകീറി. ഇതേത്തുടർന്ന് വലിയ പ്രതിഷേധമുണ്ടായപ്പോൾ കമ്പനി ഉദ്യോഗസ്ഥയായ ഒരു സ്ത്രീ ചർച്ച വിളിക്കുകയും നാട്ടിലേക്കയക്കാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ തിരഞ്ഞെടുത്ത ആദ്യസംഘത്തിലെ മൂന്നുപേരിൽ ഒരാളായി. മറ്റൊന്ന് ആലപ്പുഴക്കാരനായ മുഹമ്മദ് ഹിജാസും തിരുവനന്തപുരം സ്വദേശിയും.

തായ്‌ലാൻഡിൽ എത്തിച്ച് അവിടെനിന്നുള്ള വിസ നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. ബാങ്കോക്കിലെത്തി പിഴയടച്ചാൽ മതിയെന്നും മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. എന്നാൽ അതിർത്തിയായ മ്യാവാടിയിലെത്തിച്ച് സൈനിക ക്യാമ്പിനു മുന്നിൽ ഇറക്കിവിട്ടു. ശമ്പളവുമില്ല, വിസയുമില്ല. പാസ്പോർട്ട് മാത്രം. കൈയിലുണ്ടായിരുന്ന സിം ഒടിച്ചു. ഫോൺ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡേറ്റ നീക്കി തിരികെ നൽകി. ലാപ്ടോപ്പിലെ വിവരങ്ങളും നശിപ്പിച്ചു.

ആട്ടിൻകൂടു പോലുള്ള ജയിലിലാകുന്നു

അവിടത്തെ ലോക്കൽസൈന്യം ഞങ്ങളെ ഉന്നതാധികാരികൾക്കു കൈമാറി. അവർ പോലീസിനും. ഇതോടെ അനധികൃതമായി കടന്നുചെന്നതിന് തടവ് അനുഭവിക്കണമെന്നായി. പോലീസിനോടു കാര്യങ്ങൾ വ്യക്തമാക്കി. എംബസി അധികൃതരും ഇടപെട്ടു. പക്ഷേ, ജയിൽവാസം അനുഭവിച്ചേ മതിയാകൂ. കോടതി ഇടപെട്ടിട്ടും മടങ്ങിവരാൻ കാലതാമസമെടുക്കുമെന്നായി. ജയിലാകട്ടെ ഒരു ആട്ടിൻകൂടു പോലെ. രാവിലെ ചോറും പരിപ്പുവടയും. ഉച്ചയ്ക്ക് ഉണക്കമീനും മുട്ടയും ചേർത്തുള്ള ഭക്ഷണം. രാത്രി ഭക്ഷണമായി രണ്ട് പൂരിയും കറിയും.

എംബസി ഇടപെട്ടതുകൊണ്ടാണ് ഇതെങ്കിലും ലഭിച്ചത്. അതിനിടയിൽ രാത്രി ബോംബ് വീഴുന്ന ശബ്ദവും. അവിടെ യുദ്ധം നടക്കുകയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാനായില്ല. ഒടുവിൽ 45 ദിവസത്തിനുശേഷം യാങ്കോണിലെത്തിച്ചു. ഇവിടെ എംബസി ഇടപെട്ട് ഹോട്ടൽ ഒരുക്കിയിരുന്നു. പക്ഷേ, ജയിലിലേക്കു കയറുന്നതിനു മുൻപ് നൽകിയ സാധനങ്ങളിൽനിന്ന്‌ പലരുടെയും പണം കാണാതായിരുന്നു.

നോർക്കയുടെ ഇടപെടൽകൂടി ആയപ്പോൾ മടക്കയാത്ര പെട്ടെന്നായി. പല ബാച്ചുകളിലെത്തിയ മുന്നൂറോളം പേർ ഇനിയുമവിടെയുണ്ട്.

ഹാക്കിങ് മുതൽ കാസിനോ വരെ

ആലപ്പുഴ: മ്യാൻമാറിലെ തട്ടിപ്പുകാരുടെ കാമ്പസിനുള്ളിൽ ഇരുപതോളം കമ്പനികളുണ്ട്. ഹാക്കിങ്, സ്കാമിങ്, മണിച്ചെയിൻ, കാസിനോ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം തുടങ്ങിയ വിവിധതരം തട്ടിപ്പുകളുടെ കേന്ദ്രം. അവിടെയെത്തുന്നവർക്കു പല ജോലികളാണു നൽകിയിരുന്നത്. ഡെവലപ്പർ, റിസപ്ഷണർ, കില്ലർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ. ഡെവലപ്പർ വിഭാഗത്തിലായിരുന്നു സിനാജ് സലീമിന് ജോലി. ആളുകളുടെ പേര്, വയസ്സ്, വാട്ട്സ്ആപ്പ് നമ്പർ എന്നിവ കണ്ടെത്തി നൽകുന്നതാണു ജോലി. റിസപ്ഷണർ- പ്രത്യേക സോഫ്റ്റ് വേറുണ്ട്. ഡവലപ്പർ നൽകുന്ന നമ്പരുകളിലേക്ക് ബന്ധപ്പെട്ട് ഗെയിമുകൾ കൊടുക്കും.

ഗെയിം ലിമിറ്റിലേക്ക് എത്തിക്കുന്നതുവരെ ഇവരെ ആകർഷിച്ചുകൊണ്ടേയിരിക്കും. ഓരോഘട്ടത്തിലും പണം വാങ്ങിക്കൊണ്ടിരിക്കും. കില്ലർ - പണംതട്ടലിന്റെ പരിധി കഴിയുന്നു. അപ്പോൾ ബ്ലോക്ക് ചെയ്യും. പേരും വയസ്സും വാട്ട്സ്ആപ്പ് നമ്പരും മാത്രം മതിയെന്നതിനാലാണ് പലരും തട്ടിപ്പിനിരയാകുന്നത്.

ലക്ഷ്യം വിവിധ രാജ്യങ്ങൾ

ഓരോ സമയത്ത് ഓരോ രാജ്യത്തെയാകും ലക്ഷ്യമിടുക. പലവട്ടം ഇന്ത്യയെ ലക്ഷ്യമിട്ടെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ഓസ്ട്രേലിയയാണ് ലക്ഷ്യം. ജോലി ചെയ്യാൻ പറ്റില്ലെന്നു കണ്ടാൽ ആദ്യം സൗമ്യതയോടെ പറയും. പിന്നെ കടുത്ത പീഡനം.

“ജോലിക്കുകയറി ആദ്യമാസം 60,000 രൂപയാണ് ശമ്പളം പറയുക. രണ്ടാം മാസംമുതൽ 30,000. എന്നാൽ ഇതൊന്നും കിട്ടിയിട്ടില്ല. ഭക്ഷണം പിടിക്കാതെ അസുഖമായപ്പോൾ ആശുപത്രിയിലെത്തിച്ചിരുന്നു. ഒരു നഴ്സും ഫാർമസിസ്റ്റുമാണ് അവിടത്തെ ആശുപത്രി. പക്ഷേ രോഗം കുറഞ്ഞില്ല. ഒടുവിൽ ഫാർമസിസ്റ്റായ സഹോദരന്റെ ഭാര്യയെ വിളിച്ച് മരുന്നിന്റെ പേര് നിർദേശിച്ചതനുസരിച്ച് അവിടെ പറഞ്ഞാണ് ചികിത്സ നടത്തിയത്.” - സിനാജ് പറയുന്നു.

പിന്നിൽ ഇന്ത്യക്കാരും

കമ്പനിയുടെ എച്ച്.ആർ. വിഭാഗത്തിൽ പ്രവർത്തിക്കുന്നവരിൽ ഇന്ത്യക്കാരുമുണ്ട്. ഇത്തരം ജോലിക്കായി വിദ്യാർഥികളെയും ഉയർന്ന വിദ്യാഭ്യാസമുള്ളവരെയുമാണ് കണ്ടെത്തുന്നത്. ലോക്കൽ ആർമിയുടെ സഹായവും ഇവർക്കുള്ളതിനാൽ കാമ്പസിനു പുറത്തുപോകാൻ കഴിയില്ല. 13, 14 വയസ്സുള്ള മലേഷ്യൻ പെൺകുട്ടികളെയാണ് ഇവിടെ ജോലിക്കായി നിർത്തിയിട്ടുള്ളത്. ഇവരെ പലവിധത്തിലും ചൂഷണം ചെയ്യുന്നുണ്ട്.

ചോറും മഞ്ഞളിട്ട ചിക്കൻ കറിയുമാണ് ജീവനക്കാർക്കു ഭക്ഷണമായി നൽകിയിരുന്നത്. ഇത് കഴിക്കാൻ കഴിയില്ല. പിന്നെയുള്ളത് നൂഡിൽസ് ആണ്. ഇത് അമിതമായി കഴിച്ചാണ് അസുഖമായത്. മ്യാവാടിയിലെ പോലീസ് സ്റ്റേഷന്റെ പരിധിയിൽത്തന്നെ ഈ കമ്പനിയുടെ ഒരു മേഖലാ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവിടത്തെ പോലീസുകാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇരുപതോളം വിഭാഗങ്ങളിലായി പ്രാദേശിക ആർമി പ്രവർത്തിക്കുന്നുണ്ട്. അതിൽ പി.കെ.ബി.എഫ്. എന്ന ലോക്കൽ ആർമിയുടെ സഹായത്തോടെയാണ് ഇവരെ കമ്പനികളിലേക്ക് കടത്തിവിടുന്നതും തിരികെ വിടുന്നതും. അതിനാൽ പോലീസിനും ഒന്നും ചെയ്യാൻ കഴിയില്ല.

തട്ടിപ്പാണെന്നറിഞ്ഞിട്ടും വീണ്ടും ആളെക്കടത്തി

ആലപ്പുഴയിലെ പരിചയക്കാരിയെയും ഏജന്റിനെയും തട്ടിപ്പിനെക്കുറിച്ച് അറിയിച്ചിട്ടും വീണ്ടും ആളുകളെ അവിടേക്കെത്തിച്ചു. ഓഗസ്റ്റ് ആദ്യം ആലപ്പുഴയിലെ തന്നെ മറ്റൊരാളെയും ഇവർ ജോലിക്കായി എത്തിച്ചു. സിനാജും സംഘവും എത്തിയശേഷവും പല സ്ഥലങ്ങളിൽനിന്നുള്ളവർ എത്തിക്കൊണ്ടേയിരിക്കുകയാണ്.

Content Highlights: myanmar fake it job scam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented