പ്രതീകാത്മക ചിത്രം | ANI
കാക്കനാട്: യാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ പച്ചക്കറി വാങ്ങി ആംബുലന്‍സുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ റോഡില്‍ വമ്പന്‍ ഗതാഗതക്കുരുക്ക്. പിന്നെ, മറ്റൊന്നും നോക്കാതെ സൈറണ്‍ മുഴക്കി ഒറ്റക്കുതിക്കല്‍... മറ്റൊരു റോഡില്‍നിന്ന് വന്ന മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഗതാഗതക്കുരുക്കില്‍ കഷ്ടപ്പെടുന്ന ആംബുലന്‍സ് കാണുന്നു, ഉടന്‍ ഉദ്യോഗസ്ഥര്‍ മറ്റു വാഹനങ്ങളെ നിയന്ത്രിച്ച് വാഹനത്തിന് വഴിയൊരുക്കി.
എന്നാല്‍, അധികം വൈകാതെ ആംബുലന്‍സ് ഡ്രൈവറുടെ നാടകം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍ 'പണി' കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ എം.സി. റോഡില്‍ കാലടി മറ്റൂര്‍ കവലയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ സൈറണ്‍ മുഴക്കി നടത്തിയ നാടകമാണ് പൊളിഞ്ഞത്. നിയമവിരുദ്ധമായി സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ചതിന് ഡ്രൈവര്‍ തൊടുപുഴ സ്വദേശി യേശുദാസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
തൊടുപുഴയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മൃതദേഹവുമായി പോയതായിരുന്നു യേശുദാസ്. മടക്കയാത്രയ്ക്കിടെ കാലടി ഭാഗത്തുനിന്ന് പച്ചക്കറി വാങ്ങി. മറ്റൂര്‍ ജങ്ഷനിലെത്തിയപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതിനെ മറികടക്കാനായിട്ടായിരുന്നു അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള സൈറണ്‍ യേശുദാസ് മുഴക്കിയത്.
സൈറണ്‍ കേട്ട് മറ്റു യാത്രക്കാര്‍ വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നതിനാല് പൂര്‍ണമായും ഫലിച്ചില്ല. ഈ സമയത്താണ് എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം എത്തിയത്. വണ്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇന്ദുധരന്‍ ആചാരി, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ എം.ബി. ശ്രീകാന്ത്, കെ.പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സൈറണ്‍മുഴക്കി നില്ക്കുന്ന ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കി.
ഉദ്യോഗസ്ഥരുടെ വരവോടെ പണി പാളുമെന്നു തോന്നിയ ഡ്രൈവര്‍ ഉടനടി സൈറണ്‍ നിര്‍ത്തി. ഇതില്‍ സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ ആംബുലന്‍സിനെ പിന്തുടര്ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ യേശുദാസിന്റെ നാടകം മനസ്സിലായത്. ആംബുലന്‍സില്‍ ഉദ്യോഗസ്ഥര്‍ കണ്ടത് കുറച്ച് പച്ചക്കറി മാത്രം. വാഹനം പിടികൂടിയ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ബോധവത്കരണ ക്ലാസിലേക്കും വിട്ടു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയും ആര്.ടി.ഒ.യ്ക്ക് നല്കി.
Content Highlights: MVD recommends suspension of ambulance driver's license
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..