പത്മിനി
മൂവാറ്റുപുഴ: കവര്‍ച്ച നാടകംമെനഞ്ഞ് വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ച ബന്ധുവായ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടില്‍ വേലക്കാരിയായി നിന്ന് കവര്‍ച്ച നടത്തിയ ശേഷം വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും കബളിപ്പിക്കാന്‍ ശ്രമിച്ച ഇടുക്കി തൊടുപുഴ കുമാരമംഗലം മില്ലുംപടി വരിക്കാനിക്കല്‍ വീട്ടില്‍ പത്മിനി (65) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് സംഭവം നടന്നത്.
വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഉച്ചയ്ക്ക് ഒരാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കക്കൂസില്‍ തള്ളിയ ശേഷം അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് പത്മിനി എല്ലാവരെയും ധരിപ്പിച്ചത്.
കവര്‍ച്ച നടന്ന വീട്ടിലെ ഭരണിയിലാണ് ഇവര്‍ ആഭരണം ഒളിപ്പിച്ചത്. 25 പവന്‍ ആഭരണവും 25,000 രൂപയും കവര്‍ന്നു എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍, പണം അന്നുതന്നെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, എസ്.എച്ച്.ഒ. കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പത്മിനിയുടെ കവര്‍ച്ചാ നാടകം പൊളിഞ്ഞു.
പത്മിനി മോഷ്ടിച്ച 55 ഗ്രാം സ്വര്‍ണം വീടിന്റെ പല ഭാഗങ്ങളില്‍നിന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി പത്മിനി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നു.
എസ്.ഐ.മാരായ ആതിര പവിത്രന്‍, വിഷ്ണുരാജ്, കെ.കെ. രാജേഷ്, എ.എസ്.ഐ.മാരായ ജയകുമാര്‍, ജോജി, സി.പി.ഒ. ജിജോ കുര്യാക്കോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുടെ നീക്കങ്ങളും പ്രവൃത്തികളും രഹസ്യമായി പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.
Content Highlights: muvattupuzha robbery case woman servant arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..