അമീർ, അരുൺ, സുഹൈൽ, നിരഞ്ജൻ, ഡിനോൺ
ചേര്‍പ്പ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ ചിറയ്ക്കല്‍ സഹാര്‍(33) കൊല്ലപ്പെട്ട കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍നിന്ന് പിടികൂടിയ നാലുപേരുടേതുള്‍പ്പെടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
ചിറയ്ക്കല്‍ കോട്ടം നിവാസികളായ കറുപ്പംവീട്ടില്‍ അമീര്‍(30), കൊടക്കാട്ടില്‍ അരുണ്‍ (21), ഇല്ലത്തുപറമ്പില്‍ സുഹൈല്‍ (23), കരുമത്തുവീട്ടില്‍ നിരഞ്ജന്‍ (22), മച്ചിങ്ങല്‍ ഡിനോണ്‍(28) എന്നിവരാണ് അറസ്റ്റിലായത്.
നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉത്തരാഖണ്ഡില്‍ ബസില്‍ നിന്നാണ് അന്വേഷണസംഘം നാലുപേരെ പിടികൂടിയത്. ഉത്തരാഖണ്ഡ് ഗോപേശ്വരം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി നാലുപേരെയും നാട്ടിലെത്തിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മടങ്ങിയെത്തിയപ്പോഴാണ് ഡിനോണ്‍ പിടിയിലായത്.
പ്രതികളില്‍ ഭൂരിഭാഗംപേരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടത്.
പ്രതികള്‍ക്ക് വിവിധ രീതിയില്‍ സഹായംചെയ്ത എല്ലാവരെയും പിടികൂടുമെന്ന് റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ് എന്നിവര്‍ പറഞ്ഞു. ഇനി അഞ്ച് പ്രധാന പ്രതികളെക്കൂടി കിട്ടാനുണ്ട്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ കൊടക്കാട്ടില്‍ വിജിത്ത്(37), കരിക്കന്ത്ര വിഷ്ണു (31), നെല്ലിപ്പറമ്പില്‍ രാഹുല്‍(34), മച്ചിങ്ങല്‍ അഭിലാഷ്(27), മൂര്‍ക്കനാട് കാരണയില്‍ ഗിഞ്ചു (28) എന്നിവര്‍ ഒളിവിലാണ്.
റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ എം.പി. സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ വാടാനപ്പള്ളി എസ്.ഐ. കെ. അജിത്ത്, എ.എസ്.ഐ.ടി.ആര്‍. ഷൈന്‍, സീനിയര്‍ സി.പി.ഒ. സോണി സേവ്യര്‍ എന്നിവരാണ് ഉത്താരാഘണ്ഡില്‍നിന്നുള്ള പ്രതികളെ പിടികൂടിയത്.
അപകടയാത്രയ്ക്കൊടുവിൽ വലയിലാക്കി പോലീസ്
ചേർപ്പ്: ബസ് ഡ്രൈവറെ കൊന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം നാല് പ്രതികളെ പിടിച്ചത് ത്രില്ലർ സിനിമയ്ക്ക് സമാനമായ നീക്കത്തിലൂടെ. എസ്.ഐ. കെ. അജിത്ത്, എ.എസ്.ഐ. ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒ. സോണി സേവ്യർ എന്നിവരാണ് ഉത്തരാഖണ്ഡിൽനിന്ന് അമീർ, അരുൺ, സുഹൈൽ, നിരഞ്ജൻ എന്നീ പ്രതികളെ പിടിച്ചത്. ബന്ധുക്കളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ എത്താനിടയുണ്ടെന്ന നിഗമനം മാത്രമായിരുന്നു കൈമുതൽ. സൈബർസെല്ലിന്റെയും ഉത്തരാഖണ്ഡ് ടാസ്ക് ഫോഴ്സിന്റെയും സഹായവുമുണ്ടായി.

ഈശ്വരവിശ്വാസിയായ അരുൺ ഉത്തരാഖണ്ഡിൽ പോകാനിടയുണ്ടെന്ന സൂചനകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. മൂന്നുപേരടങ്ങിയ പോലീസ് മാർച്ച് 14-ന് കൊച്ചിയിൽനിന്ന് ദെഹ്‌റാദൂണിൽ എത്തി. ശേഷം ബസിലും മറ്റുമായി ഋഷികേശ്, തപോവൻ, ശ്രീകോട്ട്, ശ്രീനഗർ, ഗോപേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ബുള്ളറ്റ് വാടകയ്ക്കെടുത്ത് പ്രതികൂല കാലാവസ്ഥയും മലനിരകളിലെ അപകടംനിറഞ്ഞ റോഡും തരണം ചെയ്തായിരുന്നു അന്വേഷണം. പ്രതികളിൽ ഒരാളുടെ ഫോൺനമ്പറും കൂടെയുള്ള ആളുടേതെന്നു കരുതുന്ന മറ്റൊരു നമ്പറും നിരീക്ഷിച്ചായിരുന്നു പോലീസിന്റെ നീക്കം.
ഇടയ്ക്ക് പ്രതികളുടെ ഫോൺ സിഗ്നൽ നിലച്ചത് പ്രതിസന്ധിയുണ്ടാക്കി. 60 കിലോമീറ്ററിനുശേഷം ഒരു സിഗ്നൽ ലഭിച്ചു. അവിടത്തെ ടവറിന് പത്തു കിലോമീറ്റർ ചുറ്റളവിലുള്ള ലൊക്കേഷൻ കണ്ടെത്താൻ ശേഷിയുള്ളതും ഗുണം ചെയ്തു. ഒടുവിൽ അഞ്ചു മിനിറ്റിനുശേഷം നേപ്പാൾ ഭാഗത്തേക്ക് പുറപ്പെടാനിരുന്ന, ഒറ്റവാതിൽ മാത്രമുള്ള ഒരു ബസിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണസംഘത്തിന് മെല്ലെപ്പോക്കെന്ന് ആക്ഷന്‍ കൗണ്‍സില്‍
അന്തിക്കാട്: ബസ് ഡ്രൈവര്‍ ചിറയ്ക്കല്‍ മമ്മസ്രയില്ലത്ത് സഹാറിന്റെ കൊലപാതകക്കേസില്‍ അന്വേഷണസംഘത്തിന്റെ മെല്ലെപ്പോക്ക് സംശയാസ്പദമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികളുടെ എണ്ണംകൂട്ടി കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രതികളെ സി.സി.ടി.വി. ക്യാമറയിലൂടെ തിരിച്ചറിഞ്ഞിട്ടും പോലീസ് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുത്തു.
അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളില്‍നിന്നും ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രി, എല്‍.എല്‍.എ., പോലീസ് സൂപ്രണ്ട്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഇവര്‍ പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് 5.30-ന് ചിറയ്ക്കല്‍ സെന്ററില്‍ സര്‍വകക്ഷി പ്രതിഷേധയോഗം നടത്തും.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ടി.കെ. കാര്‍ത്തികേയന്‍, സി.എ. ശിവന്‍, ലളിതാ വേലായുധന്‍, അബ്ദുള്ള പൊക്കാലത്ത്, സഹാറിന്റെ സഹോദരി ഷാബിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Murder of bus driver-accused were caught just before they were about to cross into Nepal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..