ജയിൽ ചാടിയ പ്രതി ബിനുമോനെ ശനിയാഴ്ച രാത്രി വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ
കോട്ടയം: പുലര്‍ച്ചെ വൈദ്യുതി മുടങ്ങിയപ്പോഴാണ് കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ ചാടിയതെന്ന് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്റെ റിപ്പോര്‍ട്ട്. ജില്ലാ ജയിലിലെ മതിലിന്റെ ഉയരക്കുറവും പ്രതിക്ക് സഹായകമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ്, മീനടം മോളയില്‍ ബിനുമോന് (38) ജില്ലാ ജയിലില്‍നിന്ന് ചാടിയത്. പ്രതിയെ രാത്രിതന്നെ പിടിച്ചു. ഇതുസംബന്ധിച്ച പ്രാഥമികറിപ്പോര്ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി.ഐ.ജി. പറഞ്ഞു. റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി.ക്ക് നല്‍കും. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രതികളെ പ്രാഥമികകൃത്യങ്ങള്‍ക്ക് പുറത്തിറക്കിയപ്പോഴാണ് ജയിലില്‍ വൈദ്യുതി മുടങ്ങിയത്.
മതിലിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നും മുകളില്‍ ഇരുമ്പുവേലി സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ജയിലിലെ സ്ഥലപരിമിതിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ ജയിലില്‍ 110 തടവുകാരും നാല് അസിസ്റ്റന്റ് പ്രിസണര്‍മാരും ഉണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് ജയിലിലെത്തിയ ഡി.ഐ.ജി. ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.
ബിനുമോനെ കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ്-രണ്ട് കോടതി റിമാന്‍ഡ് ചെയ്തു. കോട്ടയത്തെ ജയിലില്‍നിന്ന് ഇയാളെ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..