ശിവ, കാർത്തി, സെൽവം
ഏലൂര്‍: ഏലൂര്‍ പാതാളത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രണയം നിരസിച്ചതിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്കു നേരെ ആക്രമണം നടന്നത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് വീട്ടില്‍ ശിവ (18), ഇയാളുടെ ബന്ധു വള്ളോപ്പിള്ളി കോട്ടപ്പറമ്പ് വീട്ടില്‍ കാര്‍ത്തി (19), ഇവരുടെ സുഹൃത്ത് ഏലൂര്‍ കിഴക്കുംഭാഗം ചിറാക്കുഴി വീട്ടില്‍ ഓട്ടോ ഡ്രൈവര്‍ സെല്‍വം (34) എന്നിവരെ ഏലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷ് അറസ്റ്റ് ചെയ്തു.
ശിവ നേരത്തേ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ശിവയും സുഹൃത്തുക്കളും നേരത്തേയും തന്നെ ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. ചൊവ്വാഴ്ച സ്കൂള്‍ വിട്ട് വരുമ്പോള്‍ ശിവയും കൂട്ടുകാരും പെണ്‍കുട്ടിയെ കളിയാക്കുകയും ഓട്ടോയിലെത്തിയ സംഘം കുട്ടിക്കു നേരെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് പരിഹസിക്കുകയും ചെയ്തു. പേടിച്ച് മുന്നോട്ടു നടന്നു പോയ പെണ്‍കുട്ടി വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ തനിക്കുനേരെ പാഞ്ഞുവരുന്നത് കണ്ടത്. ഓടി മാറിയില്ലായിരുന്നെങ്കില്‍ വാഹനം തന്നെ ഇടിച്ചിടുമായിരുന്നുവെന്ന് കുട്ടി നല്കിയ പരാതിയിലുണ്ട്.
സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി അമ്മയ്ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: murder attempt against school student three arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..