പ്രതീകാത്മക ചിത്രം | PTI
മുംബൈ: അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം മധ്യപ്രദേശിലേക്ക് പോയ സീരിയല്‍ നടിയെ പോലീസ് രക്ഷപ്പെടുത്തി. സംഭവം അഭിനയമല്ലെന്നും നടന്നത് യഥാര്‍ഥ വിവാഹവുമാണെന്ന് യുവാവ് ആറാം ദിവസം പറഞ്ഞതോടെയാണ് സീരിയല്‍ നടിയായ 21-കാരി യുവാവിന്റെ വീട്ടില്‍ കുടുങ്ങിയത്. ഒടുവില്‍ വീട്ടില്‍നിന്ന് പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചപ്പോള്‍ യുവതി സുഹൃത്തിനെ വിവരമറിയിക്കുകയും തുടര്‍ന്ന് മുംബൈയില്‍നിന്ന് പോലീസെത്തി യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.
സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള യുവതിക്ക് സുഹൃത്തിന്റെ ഭര്‍ത്താവ് വഴിയാണ് 'ഭാര്യയായി' അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഒരു യുവാവിനൊപ്പം അഞ്ചു ദിവസം ഭാര്യയായിട്ട് അഭിനയിച്ചാല്‍ മതിയെന്നും ഇയാളുടെ വീട്ടുകാരെ വിശ്വസിപ്പിക്കാനാണെന്നും ഇതിനായി 5000 രൂപ നല്‍കുമെന്നുമായിരുന്നു സുഹൃത്തിന്റെ ഭര്‍ത്താവായ കരണ്‍ നടിയോട് പറഞ്ഞിരുന്നത്. വാഗ്ദാനം സ്വീകരിച്ച നടി, മാര്‍ച്ച് 12-ാം തീയതി കരണിനൊപ്പം മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ഗ്രാമത്തിലെത്തി. ഇവിടെവെച്ചാണ് മുകേഷ് എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തിയത്. അഞ്ചു ദിവസം മുകേഷിന്റെ ഭാര്യയായി ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ മുകേഷും യുവതിയും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി. തുടര്‍ന്ന് മുകേഷിനൊപ്പം വീട്ടില്‍ താമസിക്കുകയും ചെയ്തു.
ആറാമത്തെ ദിവസമായതോടെ യുവതി മുംബൈയിലേക്ക് തിരികെ മടങ്ങണമെന്ന് ആവശ്യപ്പെട്ടു. 'നാടകവും അഭിനയവും' എല്ലാം അവസാനിച്ചെന്നും താന്‍ ഇനി തിരികെപോവുകയാണെന്നും യുവതി പറഞ്ഞപ്പോള്‍ അതിന് സാധിക്കില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. വിവാഹം അഭിനയമല്ലായിരുന്നുവെന്നും ഇതിനായാണ് താന്‍ കരണിന് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. സംഭവം കെണിയാണെന്ന് മനസിലായതോടെ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു. സുഹൃത്താണ് മുംബൈയിലെ ധാരാവി പോലീസ് സ്‌റ്റേഷനില്‍ വിവരം കൈമാറിയത്. തുടര്‍ന്ന് മുംബൈയില്‍നിന്നുള്ള പോലീസ് സംഘം മധ്യപ്രദേശിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.
വീട്ടില്‍ തടവിലാക്കിയെങ്കിലും തനിക്കെതിരേ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നാണ് യുവതി നല്‍കിയ മൊഴിയെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ മുകേഷ് പോലീസെത്തിയതോടെ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ മുകേഷ്, യുവതിയുടെ സുഹൃത്തായ അയിഷ, ഭര്‍ത്താവ് കരണ്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: mumbai woman trapped after marriage drama police rescued her
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..