Photo: ANI
മുംബൈ: പതിനഞ്ചുവര്‍ഷമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. 2007-ല്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പ്രവീണ്‍ അഷുഭ ജഡേജ എന്ന പ്രവീണ്‍ സിങ്ങിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് പിടികൂടിയത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിമുടി രൂപമാറ്റം വരുത്തിയ പ്രതിയെ വായിലെ സ്വര്‍ണ്ണപ്പല്ലിന്റെ അടക്കം സഹായത്തോടെയാണ് പോലീസ് തിരിച്ചറിഞ്ഞത്.
2007-ല്‍ മുംബൈയിലെ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു പ്രവീണ്‍. ഈ സമയത്താണ് കടയുടമയെ കബളിപ്പിച്ച് ഇയാള്‍ 40,000 രൂപ തട്ടിയെടുത്തത്. മറ്റൊരു വ്യാപാരിയില്‍നിന്ന് പണം കൊണ്ടുവരാന്‍ പ്രവീണിനെയാണ് കടയുടമ അയച്ചത്. എന്നാല്‍ വ്യാപാരിയില്‍നിന്ന് പണം വാങ്ങിയ ഇയാള്‍ കടയുടമയ്ക്ക് കൈമാറാതെ പണം മോഷ്ടിക്കപ്പെട്ടെന്ന കള്ളക്കഥ അവതരിപ്പിക്കുകയായിരുന്നു. ശൗചാലയത്തില്‍ കയറിയപ്പോള്‍ പണമടങ്ങിയ ബാഗ് ഒരാള്‍ തട്ടിയെടുത്തെന്നായിരുന്നു പോലീസിനോടും ആവര്‍ത്തിച്ചത്.
വിശദമായ അന്വേഷണത്തില്‍ മൊഴി കള്ളമാണെന്നും പണം കൈക്കലാക്കിയത് പ്രവീണ്‍ തന്നെയാണെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് പ്രവീണിനായി മുംബൈ പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. ഇയാളുടെ മുന്‍ കൂട്ടാളികളെ ചോദ്യംചെയ്ത പോലീസ് സംഘത്തിന് പ്രവീണ്‍ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് വ്യക്തമായി. തുടര്‍ന്ന് എല്‍.ഐ.സി. ഏജന്റുമാരെന്ന വ്യാജേന പോലീസ് സംഘം ഇയാളെ സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 15 വര്‍ഷങ്ങള്‍കൊണ്ട് രൂപത്തില്‍ അടിമുടി മാറ്റംവരുത്തിയ പ്രതിയെ വായിലെ രണ്ട് സ്വര്‍ണ്ണപ്പല്ലുകള്‍ മൂലമാണ് പോലീസ് തിരിച്ചറിഞ്ഞത്.
Content Highlights: mumbai police arrested fugitive his golden teeth helped to identify him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..