.
മുംബൈ: നൂറുരൂപ നോട്ട് കൊണ്ട് പെണ്‍കുട്ടിയുടെ ചുണ്ടുകളില്‍ ഉരസുകയും മോശമായരീതിയില്‍ സംസാരിക്കുകയും ചെയ്‌തെന്ന കേസില്‍ യുവാവിന് ഒരുവര്‍ഷം കഠിനതടവ്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് 16-കാരിക്ക് നേരേയുണ്ടായ അതിക്രമത്തില്‍ 32-കാരനായ പ്രതിയെ ശിക്ഷിച്ചത്.
2017 ജൂലായ് 13-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 8.30-ഓടെ ബന്ധുവിനൊപ്പം മാര്‍ക്കറ്റിലെത്തിയ 16-കാരിയെ യുവാവ് ശല്യംചെയ്യുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി യുവാവിനെ ദേഷ്യത്തോടെ നോക്കി. ഇതിനുപിന്നാലെയാണ് നൂറുരൂപയുടെ നോട്ട് പെണ്‍കുട്ടിയുടെ ചുണ്ടുകളില്‍ ഉരസിക്കൊണ്ട് യുവാവ് മോശമായരീതിയില്‍ സംസാരിച്ചത്. "എനിക്ക് നിന്നെ ഇഷ്ടമാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു ഭാവത്തില്‍ പെരുമാറുന്നത്" എന്നുമായിരുന്നു യുവാവിന്റെ ചോദ്യം.
ഇതോടെ പെണ്‍കുട്ടി ബഹളം വെച്ചെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയ പെണ്‍കുട്ടി അമ്മയെ വിവരമറിയിച്ചു. പിറ്റേദിവസം പെണ്‍കുട്ടിയും അമ്മയും പ്രതിയുടെ വീട്ടിലെത്തി കാര്യം തിരക്കിയെങ്കിലും ഇരുവരെയും യുവാവ് അസഭ്യം പറയുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. നോട്ടുകൊണ്ട് ചുണ്ടുകളില്‍ ഉരസിയ യുവാവ് കോളേജിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ശല്യം ചെയ്തിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 2018 ഏപ്രിലില്‍ ജാമ്യം ലഭിച്ച പ്രതി ജയിലില്‍നിന്ന് പുറത്തിറങ്ങിയെങ്കിലും മറ്റൊരു കേസില്‍ വീണ്ടും പിടിയിലായിരുന്നു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും ആറ് സാക്ഷികളെയുമാണ് വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. അതേസമയം, പ്രോസിക്യൂഷന്‍ സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാത്തത് പ്രതിഭാഗം ചോദ്യംചെയ്‌തെങ്കിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ഇരയുടെ സാക്ഷിമൊഴി മാത്രം മതിയെന്നായിരുന്നു കോടതിയുടെ മറുപടി. ഇര കേസിലെ ശക്തമായ സാക്ഷിയാണെന്നും കോടതി പറഞ്ഞു.
Content Highlights: mumbai gets one year imprisonment for rubbing 100 rupees note on girl's lips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..