എട്ടുമാസത്തെ പരിചയം, പത്താംക്ലാസുകാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തള്ളി; അരുംകൊല


മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചിരുന്നത്. സ്‌കൂള്‍ യൂണിഫോമും സ്യൂട്ട്‌കേസിലുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്ധേരിയില്‍നിന്ന് കാണാതായ വന്‍ഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. 

Photo: twitter.com/theonlyprats

മുംബൈ: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈ അന്ധേരി സ്വദേശിനി വന്‍ഷിത റാത്തോഡി(15)നെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സന്തോഷ് മാക്വാന(21), കൂട്ടാളി വിശാല്‍ അന്‍ഭാവനെ എന്നിവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ ഗുജറാത്തില്‍നിന്നാണ് പിടികൂടിയതെന്നും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ സന്തോഷിനെ മുന്‍പ് മര്‍ദിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 25-ാം തീയതിയാണ് അന്ധേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ വന്‍ഷിതയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി തിരികെവരാതിരുന്നതോടെ വീട്ടുകാര്‍ അന്ധേരി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് ഓഗസ്റ്റ് 26-ാം തീയതി പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്‌കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചിരുന്നത്. സ്‌കൂള്‍ യൂണിഫോമും സ്യൂട്ട്‌കേസിലുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്ധേരിയില്‍നിന്ന് കാണാതായ വന്‍ഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തായ സന്തോഷിനെ പോലീസ് ആദ്യഘട്ടത്തില്‍തന്നെ സംശയിച്ചിരുന്നു. ഇയാളും സുഹൃത്തും സ്യൂട്ട്‌കേസുമായി പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാല്‍ കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ആദ്യദിവസങ്ങളില്‍ കണ്ടെത്താനായില്ല.

കൊല്ലപ്പെട്ട വന്‍ഷിതയും കാറ്ററിങ് സ്ഥാപനത്തിലെ തൊഴിലാളിയായ സന്തോഷും എട്ടുമാസം മുമ്പ് സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം സന്തോഷിനൊപ്പം വന്‍ഷിതയെ ബന്ധുക്കള്‍ ഒരിടത്തുവെച്ച് കണ്ടിരുന്നു. തുടര്‍ന്ന് സന്തോഷുമായി ഒരു ബന്ധവും പാടില്ലെന്ന് വന്‍ഷിതയ്ക്ക് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കി. സന്തോഷിനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മര്‍ദിക്കുകയും ചെയ്തു. പക്ഷേ, ഇതിനുശേഷവും ഇരുവരും തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും തുടര്‍ന്നു.

ഓഗസ്റ്റ് 25-ാം തീയതി സ്‌കൂളിലെത്തിയ വന്‍ഷിതയെ ഉച്ചയ്ക്ക് മുമ്പേ സന്തോഷ് എത്തി കൂട്ടിക്കൊണ്ടുപോയി. ബാഗില്‍ മറ്റുവസ്ത്രങ്ങള്‍ കരുതിയിരുന്ന പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങള്‍ ധരിച്ചാണ് പോയത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഇരുവരും ജുഹുവിലെ ഒരു കുടിലില്‍ എത്തി. ഇവിടെവെച്ചാണ് സുഹൃത്തായ വിശാലിന്റെ സാന്നിധ്യത്തില്‍ സന്തോഷ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. വായ പൊത്തിപ്പിടിച്ച ശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാരകമായി കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി ഇരുവരും അന്ധേരിയില്‍നിന്ന് നായ്ഗാവിലേക്ക് ട്രെയിന്‍ കയറി. റോഡരികില്‍ ഈ സ്യൂട്ട്‌കേസ് ഉപേക്ഷിക്കുകയും ചെയ്തു. മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ പ്രതികള്‍ വാസി മേഖലയിലേക്കാണ് പോയത്. ഇവിടെവെച്ച് പുതിയ വസ്ത്രങ്ങള്‍ ധരിച്ച് വിരാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. തുടര്‍ന്ന് ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു. ഇതിനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്.

യാത്രയ്ക്കിടെ പ്രതികളായ രണ്ടുപേരുടെയും മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കശ്മീരില്‍നിന്ന് ഇരുവരും ഗുജറാത്തിലേക്കാണ് എത്തിയത്. തുടര്‍ന്ന് ഏതാനുംദിവസം റോഡരികിലും മറ്റും കഴിച്ചുകൂടി. പിന്നീടാണ് രണ്ടുപേരും പാലന്‍പുരില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസിന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ രണ്ടുപേരെയും പിടികൂടുകയായിരുന്നു.

വന്‍ഷിതയുടെ കുടുംബാംഗങ്ങള്‍ മര്‍ദിച്ചതിന്റെ പ്രതികാരമായാണ് സന്തോഷ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതിനായി തൊഴില്‍രഹിതനായ കൂട്ടുകാരന്‍ വിശാലിനെയും ഇയാള്‍ കൂടെക്കൂട്ടുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കഴിഞ്ഞദിവസം ജുഹുവിലെ കുടിലില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവസമയം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവെടുപ്പില്‍ കണ്ടെടുത്തിട്ടുണ്ട്.

Content Highlights: mumbai class 10 girl killed and body stuffed in suitcase two accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented