പ്രതീകാത്മക ചിത്രം/മാതൃഭൂമി
മുംബൈ: പരസ്യ മോഡലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ തന്‍വീര്‍ അക്തര്‍ മുഹമ്മദ് ലേക്ക് ഖാന്‍ എന്നയാള്‍ക്കെതിരേയാണ് മുംബൈയിലെ വെര്‍സോവ പോലീസ് കേസെടുത്തത്. നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നും മതംമാറ്റാന്‍ നിര്‍ബന്ധിച്ചെന്നും സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനിയായ മോഡല്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
റാഞ്ചിയില്‍ നടന്ന മോഡലിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് പ്രതിയെ പരിചയപ്പെട്ടതെന്നും 2021 മുതല്‍ നിരന്തരം ബലാത്സംഗം ചെയ്‌തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സ്വകാര്യചിത്രങ്ങളടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം തുടര്‍ന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. മതം മാറാനും വിവാഹം കഴിക്കാനും തന്റെ പേര് മാറ്റാനും പ്രതി നിര്‍ബന്ധിച്ചു. പിന്നീട് ഇയാള്‍ക്കൊപ്പം ബാങ്കോക്കില്‍ ഒരു ഷൂട്ടിനായി പോകാനും നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ തന്റെ ചില ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കുമെന്നായിരുന്നു ഭീഷണി. ഒടുവില്‍ മനസില്ലാമനസോടെ യുവാവിനൊപ്പം ബാങ്കോക്കില്‍ പോകേണ്ടിവന്നു. എന്നാല്‍ ഇവിടെവെച്ചും പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
തന്റെ സ്വകാര്യചിത്രങ്ങള്‍ അമ്മയ്ക്കും സഹോദരനും പ്രതി അയച്ചുനല്‍കിയിരുന്നു. ഇതോടെ ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനം. ഒരു പരിചയക്കാരന്റെ ഇടപെടലാണ് തന്നെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്.
മുംബൈയിലെത്തിയ ശേഷവും പ്രതി തനിക്കെതിരേയുളള അതിക്രമം തുടര്‍ന്നതായാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇനി ഉപദ്രവിക്കില്ലെന്നും ശല്യംചെയ്യില്ലെന്നും പ്രതി സത്യവാങ്മൂലം നല്‍കിയതിനാല്‍ പരാതി പിന്‍വലിക്കുകയായിരുന്നു. പക്ഷേ, ഇതിനുശേഷവും ഉപദ്രവം തുടര്‍ന്നതായും തന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും അശ്ലീലസന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
മോഡലിന്റെ പരാതിയില്‍ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. കേസ് റാഞ്ചി പോലീസിന് കൈമാറിയതായും മുംബൈ പോലീസ് അറിയിച്ചു.
Content Highlights: mumbai based model rape complaint against ranchi native police registered fir


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..