'ഞെരക്കം കേട്ട് ഉണര്‍ന്നു,അച്ഛന്‍ അമ്മയുടെ പ്രാണനെടുക്കുന്ന കാഴ്ച'; രക്ഷപ്പെട്ട മകന്‍ പറയുന്നു


അജയകുമാറും ലിനിയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിന്റെ പിൻവശത്തെ മുറി അഗ്നിക്കിരയായപ്പോൾ, ഇൻസൈറ്റിൽ അജയകുമാർ, ലിനി

മുക്കം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം ടെക്‌നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാർ (55), ഭാര്യ ലിനി (45) എന്നിവരാണ് മരിച്ചത്.

അച്ഛൻ തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ മകൻ ആർജിത്തിനെ (13) മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ജി.29 എ ക്വാർട്ടേഴ്‌സിൽ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

പുലർച്ചെ അമ്മയുടെ ഞെരക്കംകേട്ട് ഉണർന്നപ്പോൾ അച്ഛൻ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കിടക്കുകയായിരുന്നുവെന്ന് ആർജിത്തിന്റെ മൊഴിയിൽ പറയുന്നു. മകൻ ഉണർന്നതുകണ്ട അജയകുമാർ സമാനരീതിയിൽ മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചു. മകൻ മരിച്ചെന്നു കരുതി അജയകുമാർ അടുക്കളയിൽ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിക്കത്തിയതോടെ മകൻ നിലവിളിച്ച് വീടിന് പുറത്തേക്കോടി. നിലവിളികേട്ടുണർന്ന സമീപ വാസികൾ, വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ക്വാർട്ടേഴ്‌സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. മുക്കം അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയത്ത് ബി.ആർക്കിന് പഠിക്കുന്ന മകൾ അഞ്ജന പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് കോളേജിലേക്ക് മടങ്ങിയത്. 22 വർഷമായി ഇവർ ഈ ക്വാർട്ടേഴ്സിലാണ് താമസം.

അസി. കമ്മിഷണർ സുദർശൻ, കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ, എസ്.ഐമാരായ അഷ്‌റഫ്, വിപിൻ ഫ്രെഡി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി.

നടുക്കം മാറാതെ സാമുവൽ...
:പേരക്കുട്ടിയുടെ കരച്ചിൽകേട്ടാണ് പുലർച്ചെ നാലുമണിയോടെ സാമുവൽ എഴുന്നേൽക്കുന്നത്. എൻ.ഐ.ടി.യിലെ ഗവേഷണ വിദ്യാർഥിനിയായ മരുമകളും സാമുവലും ചേർന്ന് കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്ന് നിലവിളി കേൾക്കുന്നത്. ഉടനെ പുറത്തിറങ്ങി നോക്കിയെങ്കിലും ഒന്നും കാണാനായില്ല. വാതിലടച്ച് ഉറങ്ങാൻ കിടക്കവേ സമാനമായ രീതിയിൽ വീണ്ടും നിലവിളികേട്ടു.

ഓടിവന്ന് വാതിൽതുറന്നപ്പോൾ അജയകുമാറിന്റെ മകൻ പൊള്ളലേറ്റ് നിലവിളിച്ച് ഓടുന്നതാണ് കണ്ടത്. ഇതിനിടെ അജയകുമാറിന്റെ ക്വാർട്ടേഴ്സിലെ ജാലകത്തിലൂടെയും എയർ ഹോളിലൂടെയും പുക ഉയരുന്നതുകണ്ടതോടെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്നിശമനസേനയെയും വിവരമറിയിച്ചു.

ആർജിത്തിനെ ഉടനെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും അതിശക്തമായ അഗ്നിബാധയെ തുടർന്ന് അകത്തുകയറാനായില്ല. രണ്ട് ഗ്യാസ് സിലിൻഡറുകളാണ് വീടിനകത്തുണ്ടായിരുന്നത്. ഇതിലൊന്ന് മർദംകൂടി വീർത്ത നിലയിലായിരുന്നു.

തീയണച്ചശേഷമാണ് അജയ കുമാറിനെയും ഭാര്യയെയും പുറത്തെത്തിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്നിൽനിന്ന് അഗ്നിശമനസേനയുടെ ഒരു യൂണിറ്റുകൂടി എത്തിയിരുന്നു.

അജയകുമാറും ലിനിയും തമ്മിൽ ഏതെങ്കിലുംതരത്തിലുള്ള അകൽച്ച ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സാമുവൽ പറഞ്ഞു. ദുരന്തത്തിന്റെ ഞെട്ടൽമാറാതെയാണ് സാമുവൽ സംസാരിച്ചത്.

തീപിടിച്ച ആ സിലിൻഡർ മാറ്റിയില്ലെങ്കിൽ സ്ഥിതി മറിച്ചായേനെ’

ചാത്തമംഗലം: എൻ.ഐ.ടി. സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ തീപിടിച്ച മുറിയിലെത്തിയ മുക്കം അഗ്നിരക്ഷാസേന നടത്തിയത് അവസരോചിതമായ ഇടപെടൽ. തീപിടിച്ച ആ ഗ്യാസ് സിലിൻഡർ മാറ്റിയില്ലെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നെന്നാണ് അസിസ്‌റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ എം.സി. മനോജ് പറയുന്നത്.

തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയാണ് വ്യാഴാഴ്ച പുലർച്ചെ നാലിന് ക്വാർട്ടേഴ്‌സിന് തീപിടിച്ചെന്ന വിവരമറിയിക്കുന്നത്. ഉടനെ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തേക്ക് കുതിച്ചു. ക്വാർട്ടേഴ്‌സിനു മുന്നിലെത്തിയപ്പോൾ നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ആളുകളെയാണ് കണ്ടത്. ആർക്കും ഒന്നുംചെയ്യാൻ കഴിയുന്നില്ല. വീടിന്റെ മുൻവശം തുറന്നുകിടക്കുകയാണ്. സേനാംഗങ്ങൾ അതിലൂടെ അകത്തുകയറി. ലിവിങ് മുറിയിലെ ദിവാൻകോട്ടിനുതാഴെയാണ് അജയകുമാർ പൊള്ളലേറ്റ് കിടക്കുന്നത്. തൊട്ടടുത്ത മുറിയിലെ കിടക്കയിൽ ഭാര്യ ലീന ചലനമറ്റുകിടക്കുന്നു. ഇവർക്ക് ഭാഗികമായാണ് പൊള്ളലേറ്റത്. കിടക്കയ്ക്കും തീപിടിച്ചിട്ടുണ്ട്. ഉടനെ ഇരുവരെയും പുറത്തെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി.

അജയകുമാറിന് നേരിയ ചലനമുണ്ടായിരുന്നതായി മനോജ് ഓർക്കുന്നു. അടുക്കളയ്ക്ക് തീപിടിച്ചിരുന്നില്ല. എന്നാൽ, ഇതിനു സമീപത്തെ ഗ്യാസ് സിലിൻഡർ ചോർന്ന് തീപിടിച്ച്‌ പൊട്ടാറായ അവസ്ഥയിലായിരുന്നു. ഉടനെ സിലിൻഡർ പുറത്തേക്ക് മാറ്റുകയായിരുന്നു. ഇത് മാറ്റിയില്ലായിരുന്നെങ്കിൽ പൊട്ടിത്തെറിച്ച് അടുത്ത ക്വാർട്ടേഴ്‌സിനും തീപിടിച്ച് അപകടം വലുതാകുമായിരുന്നു. പോർച്ചിൽ നിർത്തിയിട്ട കാറിന്റെ ചില്ലുതകർത്തശേഷം മാറ്റിയിട്ട് അപകടസാധ്യത ഒഴിവാക്കി. മൂന്നുമുറികളും അവയ്ക്കുള്ളിലെ ഫർണിച്ചറും ഇലക്‌ട്രിക് സാധനങ്ങളുമെല്ലാം കത്തിനശിച്ചു.

ഫയർഓഫീസർമാരായ കെ. നാസർ, ഷൈബിൻ, അബ്ദുൾജലീൽ, നിയാസ്, അജേഷ്, സിനീഷ് ചെറിയാൻ, ഷഞ്ജു, ചാക്കോ ജോസഫ്, വിജയകുമാർ, കെ.പി. അമീറുദ്ദീൻ എന്നിവരാണ് മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസംഘത്തിലുണ്ടായിരുന്നത്. വെള്ളിമാടുകുന്നിൽനിന്ന്‌ ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

Content Highlights: mukkam nit quarters-murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented