പ്രതീകാത്മക ചിത്രം | Mathrubhumi & Reuters
വിശാഖപട്ടണം: നാലുവര്‍ഷത്തോളമായി അമ്മയുടെ ഉപദ്രവത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയായ 16-കാരിയ്ക്കാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടലില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. അമ്മ നിര്‍ബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിക്കുന്നതായും ഉപദ്രവിക്കുന്നതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് മോചിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.
സിനിമയില്‍ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞാണ് അമ്മ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. നാലുവര്‍ഷമായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലം കാരണമുള്ള വേദന സഹിക്കാന്‍ വയ്യാതെയാണ് പരാതി നല്‍കിയത്. മാത്രമല്ല, സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരുമായി അടുത്തിടപഴകാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
''ശാരീരികവളര്‍ച്ചയ്‌ക്കെന്ന് പറഞ്ഞാണ് അമിതമായ അളവില്‍ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നത്. എന്നാല്‍ മരുന്ന് കഴിച്ചാല്‍ എനിക്ക് ബോധക്ഷയമുണ്ടാകും. ശരീരം വീര്‍ക്കും. ഇത് വളരെയേറ വേദനയേറിയതായിരുന്നു. എന്റെ പഠനത്തെപ്പോലും ഇത് ബാധിച്ചു''- 11-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പറഞ്ഞു.
സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലര്‍ വീട്ടില്‍ വന്നിരുന്നതായും ഇവരോട് അടുത്തിടപഴകാന്‍ പറഞ്ഞ് അമ്മ ഉപദ്രവിച്ചിരുന്നതായും 16-കാരിയുടെ പരാതിയിലുണ്ട്. ഗുളിക കഴിക്കാന്‍ വിസമ്മതിച്ചാല്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് വരെ അമ്മ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
മാതാപിതാക്കള്‍ വിവാഹമോചനം നേടിയശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇദ്ദേഹം ഏതാനുംവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നമ്പറായ 1098-ല്‍ വിളിച്ച് പരാതി അറിയിച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കേസാലി അപ്പാറാവു മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം 112-ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം തേടിയിരുന്നു. എന്നാല്‍ സഹായം ലഭിക്കാതായതോടെയാണ് 1098-ല്‍ വിളിച്ച് പരാതി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരെയും കൂട്ടിയാണ് ബാലാവകാശ കമ്മിഷന്‍ അംഗങ്ങളും ശിശുക്ഷേമ സമിതി അംഗങ്ങളും വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസെടുക്കാനായി പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: mother forcefully given hormone tablets to girl to act in films child rights commission rescues her
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..