സ്നേഹാശിഷ് ഘോഷ്, സുപർണ, മകൾ സ്നേഹ | Screengrab: Youtube.com/Editorji Bengali
കൊല്‍ക്കത്ത: ഗൃഹനാഥന് മരിച്ച് കൃത്യം ഒരുമാസം തികഞ്ഞ ദിവസം ഭാര്യയെയും മകളെയും ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സി.ഡി. 174-ലെ പരേതനായ സ്നേഹാശിഷ് ഘോഷിന്റെ ഭാര്യ സുപര്‍ണ (56), മകള്‍ സ്നേഹ(30) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫ്ളാറ്റില്‍നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
സാള്ട്ട്ലേക്കില് മൂന്നുനില കെട്ടിടത്തിലെ ഫ്ളാറ്റിലാണ് സുപര്‍ണയും മകളും താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇവരുടെ ഫ്ളാറ്റില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. കെട്ടിടത്തിന്റെ താഴത്തെനിലയില്‍ ഇവരുടെ ബന്ധുവും താമസിക്കുന്നുണ്ട്. ഫ്ളാറ്റിനുള്ളില്നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ബന്ധുക്കളും അയല്‍ക്കാരും ഇവിടെയെത്തി വാതിലില്‍ മുട്ടിവിളിച്ചു. പ്രതികരണം ലഭിക്കാത്തതിനാല്‍ ബിദാന്നനഗര് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകയറിയതോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്റെ ചിത്രം വെച്ചിരുന്ന മേശയ്ക്ക് സമീപം നിലത്തുകിടക്കുന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം. അമ്മയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്നനിലയിലും കണ്ടെത്തി.
ശുചിമുറികളിലെ പൈപ്പുകളെല്ലാം തുറന്നിട്ടനിലയിലായിരുന്നു. ഫ്ളാറ്റില്‍ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകി താഴത്തെനിലയിലുള്ളവര് മരണവിവരം അറിയാന്‍ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഇതിനുപുറമേ, അന്തരിച്ച സ്നേഹാശിഷ് ഘോഷിന്റെ ചിത്രത്തിന് സമീപം 20,000 രൂപയും കണ്ടെത്തി. തങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കണമെന്ന കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു.
നഗരത്തില്‍ ഇലക്ട്രോണിക്സ് സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സ്നേഹാശിഷ് ഘോഷ് അസുഖബാധിതനായി ഏപ്രില്‍ 26-നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മകളും കടുത്ത വിഷാദത്തിലായിരുന്നുവെന്ന് അയല്‍ക്കാരും ബന്ധുക്കളും പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സുപര്‍ണയും മകളും അപൂര്‍വായി മാത്രമേ ഫ്ളാറ്റില്‍നിന്ന് പുറത്തിറങ്ങിയിരുന്നുള്ളൂവെന്നും അയല്‍ക്കാര്‍ പ്രതികരിച്ചു.
രാജാബസാര്‍ സയന്‍സ് കോളേജില്‍നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സ്നേഹ പൂണെയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. വിവാഹമോചിതയായ ശേഷം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി വീട്ടിലിരുന്നായിരുന്നു ജോലി. കുടുംബത്തിന് മറ്റു സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നാണ് വിവരമെന്നും വാര്‍ഡ് കൗണ്‍സിലറായ സിന്‍ഹ റോയി മാധ്യമങ്ങളോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..