മോറിസ് കോയിൻ ഇൻവെസ്റ്റ്മെന്റ് പ്ലാൻ 300 എന്ന മണിചെയിൻ പണമിടപാടുമായി ബന്ധപ്പെട്ട് കമ്പനി എം.ഡി നിഷാദ് കിളിയിടുക്കിലിന്റെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കാർ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസിൽ 14 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി.
കേസിൽ മുഖ്യപ്രതി നിലമ്പൂർ പൂക്കോട്ടുംപാടം അമരമ്പലം തോട്ടക്കരയിലെ കെ. നിഷാദിന്റെയും കെ. ഹാസിഫിന്റെയും ഉടമസ്ഥതയിലുള്ള ഫ്ലൈ വിത്ത് മി മൊബൈൽ എൽ.എൽ.പി.യുടെ ബാങ്ക്നിക്ഷേപവും കെ. നിഷാദിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. പിടിച്ചെടുക്കപ്പെട്ടവയിൽ കൊച്ചിയിലെ ഒരു ആശുപത്രിയുടെ അക്കൗണ്ടിലെ ഫ്ളൈവിത്ത് മി ആപ്പിന്റെ നിക്ഷേപവും തമിഴ്നാട്ടിലെ 52 ഏക്കർ കൃഷിഭൂമിയും ഉൾപ്പെടും.
ഇതേ കേസിൽ അറസ്റ്റിലായ സ്റ്റോക്സ് ഗ്ലോബൽ ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും മലപ്പുറം സ്വദേശിയുമായ അബ്ദുൾ ഗഫൂറിന്റെ 36.72 കോടിയുടെ സ്വത്തുക്കൾ ഇ.ഡി. നേരത്തേ കണ്ടുകെട്ടിയിരുന്നു. ഇതുവരെ 50.72 കോടിയാണ് മോറിസ് തട്ടിപ്പുകേസിൽ കണ്ടുകെട്ടിയത്.
മോറിസ് കോയിൻ കേസിൽ നിഷാദും മറ്റുള്ളവരും ചേർന്ന് വ്യാജവാഗ്ദാനങ്ങൾനൽകി തൊള്ളായിരത്തിലധികം നിക്ഷേപകരിൽനിന്നായി 1200 കോടി രൂപ തട്ടിപ്പുനടത്തിയതായാണ് ഇ.ഡി.യുടെ കണ്ടെത്തൽ.
ലോങ് റിച്ച് ഗ്ലോബൽ, ലോങ് റിച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷൻ എന്നീ കമ്പനികളിലൂടെയാണ് ഒട്ടേറെ പേരിൽനിന്നായി നിക്ഷേപം സ്വീകരിച്ചത്. പ്രമുഖരെ ഉപയോഗിച്ച് ആഘോഷങ്ങൾ സംഘടിപ്പിച്ചും ഓരോ നിക്ഷേപകനും വെബ്സൈറ്റിൽ ഇ-വാലറ്റുകളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുമായിരുന്നു തട്ടിപ്പ്.
നിക്ഷേപകരിൽനിന്ന് സ്വീകരിക്കുന്ന പണം നിഷാദിന്റെയും കമ്പനിയുടെയും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ശേഖരിച്ച തുക വിവിധ നിഷ്ക്രിയകമ്പനികളിലാണ് നിക്ഷേപിച്ചത്. ബാങ്ക് വിവരങ്ങളിൽ ഈ അക്കൗണ്ടുകൾ നിഷാദിന്റെയും ഇയാളുടെ കമ്പനിയുടെയും പേരിലാണ് ബന്ധിപ്പിച്ചിരുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പുനടത്താൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും ഒട്ടേറെ കമ്പനികളുമാണ് ഇയാൾ ഉപയോഗിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..