ജയകുമാർ,ആശ
തിരുവല്ല: തിരുവല്ലയില്‍ ഒരുകോടിരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പായിപ്പാട് ഓമണ്ണില്‍ വീട്ടില്‍ ജയകുമാര്‍ (56), ഇയാള്‍ക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടില്‍നിന്നാണിവരെ പിടികൂടിയത്. ഹാന്‍സ്, കൂള്‍ എന്നീ ഇനങ്ങളില്‍പ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് 116 ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ജില്ലാ ആന്റി നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് വീട് വളഞ്ഞ് പരിശോധിക്കുകയായിരുന്നു. ഒരുവര്‍ഷമായി ഇത്തരത്തില്‍ ലഹരി ഉത്പന്നങ്ങള്‍ സൂക്ഷിക്കുകയും ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കിവരുകയുമായിരുന്നു. കമ്പനികളില്‍നിന്ന് ഇവ വലിയതോതില്‍ എത്തിച്ചശേഷം സ്വന്തം വാഹനത്തിലാണ് വില്പനയ്ക്ക് എത്തിക്കുക.
വാടകവീടിന് സമീപത്തുള്ളവര്‍ക്ക് യാതൊരു സംശയവും ഉണ്ടാകാത്ത തരത്തില്‍ വളരെ തന്ത്രപരമായിട്ടാണ് കച്ചവടം.
ഇത്രയും ലഹരി ഉത്പന്നങ്ങള്‍ ജില്ലയില്‍ പിടികൂടുന്നത് ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേരെ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യുടെ സംഘം പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജയകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ദിവസങ്ങളായി ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും.
തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണ, എസ്.ഐ.മാരായ ഷജീം, അനീഷ്, ഹുമയൂണ്‍, ഡാന്‍സാഫ് എസ്.ഐ.അജി സാമുവല്‍, എ.എസ്.ഐ. അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: more than one lakhs packet hans and cool seized in thiruvalla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..