അറസ്റ്റിലായ പ്രതികൾ
മംഗളൂരു: കടല്‍ത്തീരത്തെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരേ സദാചാര ആക്രമണം. കാസര്‍കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റു. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കള സ്വദേശി ജാഫര്‍ ഷരീഫ്, മഞ്ചേശ്വരം സ്വദേശികളായ മുജീബ്, ആഷിഖ് എന്നിവരെയാണ് ദര്‍ളകട്ടെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ബസ്തിപഡുപു സ്വദേശികളായ യതീഷ്,ഭാവിഷ്, ഉച്ചിള സ്വദേശി സച്ചിന്‍,തലപ്പാടി സ്വദേശികളായ സുഹന്‍,അഖില്‍,ജീതു എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറുപേര്‍ കസ്റ്റഡിയിലുണ്ട്.
മംഗളൂരുവിലെ കോളേജില്‍ പഠിക്കുന്ന പെണ്‍സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു യുവാക്കള്‍. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടികളോടൊപ്പം വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ഉള്ളാള്‍ സോമേശ്വര കടല്‍ത്തീരത്ത് എത്തിയപ്പോഴായിരുന്നു അക്രമം. ഇവരെ പിന്‍തുടര്‍ന്നെത്തിയ ഒരുസംഘം വിദ്യാര്‍ഥികളെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. പെണ്‍കുട്ടികള്‍ക്കുനേരേയും കൈയേറ്റമുണ്ടായി.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക സംഘം
കോണ്‍ഗ്രസ് അധികാരത്തിലേറിയശേഷം നടന്ന ആദ്യ സദാചാര ആക്രമണത്തിലെ മുഴുവന്‍ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കുമെന്ന് സര്‍ക്കാര്‍. പ്രതികളെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചു. ഉള്ളാള്‍ പോലീസ് സ്റ്റേഷനുകീഴില്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രണ്ട് സംഘം തിരിഞ്ഞാണ് അന്വേഷണം .
Content Highlights: moral police attack against malayali students in mangaluru seven arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..