മകനെ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഫിലിപ്പിന്റെ അമ്മ; സനലിന് നാടിന്റെ അന്ത്യാഞ്ജലി


ഫിലിപ്പിന്റെ അമ്മ ലിസിയും ബന്ധു ജിജിയും/ മൂലമറ്റം വെടിവെയ്പിൽ മരിച്ച സനൽ സാബുവിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയ ജനക്കൂട്ടം

മൂലമറ്റം: മൂലമറ്റത്ത് വെടിയേറ്റു മരിച്ച സനലിനും പരിക്കേറ്റ പ്രദീപിനും, വെടിവെപ്പിന് കാരണമായ സംഘര്‍ഷവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. ഇതുസംബന്ധിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ ചോദ്യംചെയ്ത് വ്യക്തതവരുത്താനാണ് ശ്രമം. സമീപത്തെ സി.സി.ടി.വി. കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചും വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്ന് അന്വേഷണസംഘം പറഞ്ഞു.

ആവശ്യപ്പെട്ട ഭക്ഷണം കിട്ടാത്തതിനെച്ചൊല്ലി അറക്കുളം അശോകക്കവലയിലെ തട്ടുകടയിലുണ്ടായ തര്‍ക്കമാണ് കീരിത്തോട് സ്വദേശി സനല്‍ബാബു(32)വിന്റെ ജീവനെടുത്ത വെടിവെപ്പില്‍ കലാശിച്ചത്. അശോക കവലയിലെ തട്ടുകടയില്‍ ആ സമയം പ്രദീപും സനലും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം മൂലമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. തന്നെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ സ്‌കൂട്ടറിലെത്തിയവരും ഉണ്ടായിരുന്നെന്നാണ് അറസ്റ്റിലായ ഫിലിപ്പ് മാര്‍ട്ടിന്‍ നല്‍കിയ മൊഴി.

മൊഴി ഇങ്ങനെ

തോക്കുമായി ഹോട്ടലിനു മുന്നിലെത്തി ആളുകളെ പേടിപ്പിക്കാനായി ആകാശത്തേയ്ക്ക് ഒരുതവണ വെടിവെച്ചു. അശോകക്കവലയിലെത്തി തിരിച്ചുപോരുന്ന വഴി പിന്നെയും വെടിവെച്ചു. പിന്നീട് അമ്മയും അനുജനെയും കണ്ടാണ് സ്‌കൂള്‍ കവലയില്‍ കാര്‍ നിര്‍ത്തിയത്. അമ്മ കാറിനടുത്തേയ്ക്ക് വന്നപ്പോഴേയ്ക്കും അശോക ഭാഗത്തുനിന്നും എത്തിയ ആളുകള്‍ കൂട്ടത്തോടെ ആക്രമിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ അനുവദിച്ചില്ല.

വാഹനത്തിനുള്ളിലിരുന്ന തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. നിലവിളിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഇക്കൂട്ടത്തില്‍ ഇരുചക്രവാഹനത്തിലെത്തിയവരുമുണ്ടായിരുന്നു. ഒരു കൂട്ടര്‍ വാഹനവും തല്ലിപ്പൊളിച്ചു. അമ്മയെയും തള്ളിത്താഴെയിട്ടു. കാലില്‍ മുറിവുപറ്റി. ഒരുവിധത്തില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പെട്രോള്‍ പമ്പുവരെ പോയി തോക്ക് വീണ്ടും ലോഡ് ചെയ്ത് വന്നു. വരുന്നവഴി രണ്ടുപേര്‍ ടൂവീലര്‍ റോഡിന് കുറുകെയിട്ട് വഴിതടഞ്ഞു. അപ്പോഴാണ് വെടിവെച്ചത്. കൊല്ലണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തെ ഓടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ മൊഴിയില്‍ എത്രത്തോളം സത്യമുണ്ട് എന്നാണ് അന്വേഷണത്തില്‍ തെളിയേണ്ടത്.

സമഗ്ര അന്വേഷണം വേണമെന്ന് പ്രതി ഫിലിപ്പിന്റെ അമ്മ

ഭക്ഷണം കഴിക്കാന്‍ പോയയാളെ കൊലപാതകിയാക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മൂലമറ്റം വെടിവെപ്പ് കേസില്‍ അറസ്റ്റിലായ ഫിലിപ്പ് മാര്‍ട്ടിന്റെ അമ്മ ലിസിയും ബന്ധുക്കളും. മൂലമറ്റത്തെ സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ് മൂലമറ്റത്ത് ആശുപത്രിയില്‍ കഴിയുന്ന ലിസിയെ കാണാനെത്തിയ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവ് ഫിലിപ്പും ഇവിടെ ചികിത്സയിലാണ്. ആക്രമണം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.

മൂലമറ്റം വെടിവെയ്പിൽ മരിച്ച സനൽ സാബുവിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയ ജനക്കൂട്ടം

ലിസി പറഞ്ഞത്

ഭക്ഷണം കഴിക്കാനാണ് ബന്ധുവുമൊത്ത് ഫിലിപ്പ് കടയില്‍ പോയത്. അവിടെവെച്ചുണ്ടായ പ്രകോപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കടയില്‍ മകന് ക്രൂരമായി മര്‍ദ്ദനമേറ്റു. ചോരയില്‍ മുങ്ങിയാണ് വീട്ടില്‍ക്കയറി വന്നത്. പിന്നീട് പുറത്തേയ്ക്കുപോയി. ഹൈസ്‌കൂള്‍ കവലയിലും ഒരു കൂട്ടമാളുകള്‍ മകനെ മര്‍ദ്ദിച്ചു. അപേക്ഷിച്ചിട്ടൊന്നും അവര്‍ അടങ്ങിയില്ല. തനിക്കും മര്‍ദ്ദനമേറ്റു. കാല്‍ മുറിഞ്ഞു. കൊന്നുകളയുമെന്ന് പറഞ്ഞാണ് ആളുകള്‍ മകനെ മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്നാണ് ഫിലിപ്പ് വെടിവെക്കുന്നത്. ഇത്രയും ആളുകള്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്തിനാണെന്ന് ലിസി ചോദിക്കുന്നു. അതിനാല്‍ ഭക്ഷണം വാങ്ങാനെത്തിയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ലിസി ആവശ്യപ്പെട്ടു. വീട്ടില്‍ ഇരട്ടക്കുഴല്‍ തോക്കുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് ലിസി പറഞ്ഞു. ഒരു എയര്‍ഗണ്‍ ഉള്ളതേ കണ്ടിരുന്നുള്ളു. ഇന്നുവരേയും ഒരു കേസിലും ഉള്‍പ്പെട്ടിട്ടുള്ളയാളല്ല ഫിലിപ്പെന്നും ലിസി പറഞ്ഞു.

തട്ടുകടയില്‍ നാലഞ്ച് പേര്‍ ചേര്‍ന്ന് ഫിലിപ്പിനെ മര്‍ദ്ദിച്ചെന്ന് സംഭവസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ബന്ധു ജിജി പറഞ്ഞു. തടസ്സംപിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊറോട്ടയും പോട്ടിയും ബീഫുമാണ് ഫിലിപ്പ് ചോദിച്ചത്. ഓര്‍ഡറെടുത്തപ്പോള്‍ ഇല്ലെന്ന് പറഞ്ഞില്ല. ഇതാണ് ആദ്യം തര്‍ക്കമുണ്ടായത്. അതിനിടെ അവിടെ വന്നവര്‍ക്ക് ഇല്ലെന്ന് പറഞ്ഞ ആഹാരസാധനം കൊടുത്തതോടെ ഫിലിപ്പ് ബഹളം വെച്ചു. കടയുടമയായ സ്ത്രീയും ഫിലിപ്പും പരസ്പരം ചീത്തവിളിച്ചു. അപ്പോഴാണ് കടയിലുണ്ടായിരുന്നവര്‍ പ്രശ്നം ഏറ്റെടുത്ത് മര്‍ദ്ദനം തുടങ്ങിയത്. ഇവരെ കണ്ടാല്‍ അറിയാമെന്നും ജിജി പറഞ്ഞു. ഫിലിപ്പ് അമിതമായി മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും ജിജി പറഞ്ഞു.

സനലിന് നാടിന്റെ അന്ത്യാഞ്ജലി

ചെറുതോണി: മൂലമറ്റം വെടിവെപ്പില്‍ കൊല്ലപ്പെട്ട കീരിത്തോട് പാട്ടത്തില്‍ സനല്‍ സാബുവിന്റെ സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ എത്തി. ശനിയാഴ്ച രാത്രി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിലാണ് കീരിത്തോട് പാട്ടത്തില്‍ സനല്‍ സാബു കൊല്ലപ്പെട്ടത്. സ്വകാര്യബസ് ജീവനക്കാരനായ സനലും സുഹൃത്തും തട്ടുകടയില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ കടയില്‍ മറ്റൊരാള്‍ നടത്തിയ അക്രമത്തിനിടെയാണ് സനലിലും സുഹൃത്തിനും വെടിയേറ്റത്.

സംഭവത്തില്‍ തലയ്ക്കും ഹൃദയത്തിനും മാരകമായി പരിക്കേറ്റ സനല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സനലിനോപ്പം പരിക്കേറ്റ മൂലമറ്റം സ്വദേശിയായ സുഹൃത്ത് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി ഏറെവൈകി സനലിന്റെ മൃതദേഹം കീരിത്തോട് വീട്ടിലെത്തിച്ചപ്പോഴും നൂറുകണക്കിനാളുകള്‍ കീരിത്തോടില്‍ കാത്തുനിന്നു. വീട് സ്ഥിതിചെയ്യുന്ന രണ്ടരസെന്റ് ഭൂമി മാത്രമാണ് സനലിന്റെ കുടുംബത്തിനുള്ളത്. അതിനാല്‍ മാതൃസഹോദരന്റെ പുരയിടത്തിലാണ് ചിത ഒരുക്കിയത്.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, പഞ്ചായത്തഗങ്ങളായ ടിന്‍സി തോമസ്, മാത്യു തായങ്കരി, ഇടുക്കി എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത്, പൊതുപ്രവര്‍ത്തകരായ, എ.പി. ഉസ്മാന്‍, ജോസ് ഊരക്കാട്, ജോഷി, സുരേഷ് മീനത്തേരില്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ സനലിന് അന്ത്യോപചാരമര്‍പ്പിക്കുവാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുമെത്തിയിരുന്നു.

സനലിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസിനുപിന്നാലെ നീങ്ങുന്ന ‘ദേവി’ ബസ്

സനലിന് യാത്രാമൊഴിയേകാന്‍ 'ദേവി'യെത്തി

ആറ് വര്‍ഷം സനല്‍ ഹൃദയംപോലെ കൊണ്ടുനടന്നതായിരുന്നു തന്റെ തൊഴിലിടമായ 'ദേവി'യെന്ന ബസിനെ. ഒടുവില്‍ സനല്‍ യാത്രയാകുമ്പോള്‍ അവസാന യാത്രയ്ക്ക് അകമ്പടിയായി തൊടുപുഴയില്‍നിന്ന് 'ദേവി' ബസും സനലിന്റെ സഹപ്രവര്‍ത്തകരുമെത്തി. ആറ് വര്‍ഷം മുമ്പാണ് സനല്‍ തൊടുപുഴ സ്വദേശി കൃഷ്ണവിലാസം ഷാജിയുടെ 'ദേവി' എന്ന ബസില്‍ കണ്ടക്ടറായി ജോലിക്കെത്തുന്നത്.

മൂലമറ്റം-കോട്ടയം റൂട്ടിലോടുന്ന ബസിന്റെ ജീവനാഡിയായിരുന്നു സനല്‍. യാത്രക്കാരോട് മര്യാദയോടെ പെരുമാറുന്ന ജീവനക്കാരനായിരുന്നു സനല്‍. സനലിനെക്കുറിച്ച് പറയുമ്പോള്‍ ഷാജി വിതുമ്പി. സനല്‍ ജോലി ചെയ്ത ദേവി ബസില്‍ മറ്റ്ജീവനക്കാരോടും നാട്ടുകാരോടുമൊപ്പം ഷാജിയും എത്തിയിരുന്നു സനലിനെ യാത്രയാക്കാന്‍. സനലിന്റെ ഘാതകന്റെ സ്വത്തില്‍നിന്ന് സനലിന്റെ നിരാലംബരായ മാതാപിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും ഷാജി ആവശ്യപ്പെടുന്നു.


Content Highlights: Moolamattom shooting:Philip's mother claims her son was brutally beaten

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented