മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ
കൊച്ചി: തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് ഏത് സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാന്‍ എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ ഒക്ടോബര്‍ 26-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവറായിരുന്ന അജിത്, തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പോലീസിനെതിരേ ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഏത് സാഹചര്യത്തിലാണ് മോന്‍സണിന്റെ വീടിന് പുറത്ത് പോലീസ് സംരക്ഷണം ഒരുക്കിയത്. വിലപിടിപ്പുള്ള വസ്തുക്കള്‍ അകത്തുണ്ടെന്നാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിലെ യാഥാര്‍ഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച് പരിശോധന നടത്താനോ എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്നും പോലീസും ഇന്റലിജന്‍സും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണ്. മോന്‍സന്റെ വീടിന് മുന്നില്‍ പോലീസിനെ കാണുമ്പോള്‍ സാധാരണ ജനങ്ങള്‍ എന്താണ് കരുതേണ്ടത്. പൊതുസമൂഹം എന്താണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. അയാളുടെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ ഇതിലൂടെ നടന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ചേര്‍ത്തല സി.ഐ. ആയിരുന്ന പി.ശ്രീകുമാര്‍ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ആരോപണവിധേയരാണെന്നും അവരെല്ലാം സര്‍വീസില്‍ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.
അജിത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നേരത്തെ പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഈ ഹര്‍ജിയില്‍ പിന്നീട് സംസ്ഥാന പോലീസ് മേധാവിയെ കൂടി കക്ഷി ചേര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി പോലീസിനെതിരേ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Content Highlights: monson mavunkal case highcourt asks questions to police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..