മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസായതിനാല്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നത് എത്രമാത്രം ഉചിതമാകുമെന്നും കോടതി ചോദിച്ചു.
ഡി.ജി.പി.യും എ.ഡി.ജി.പിയും ഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസാണിത്. മോന്‍സണ്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അയാള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഇടപാടുകള്‍ നടന്നിട്ടുണ്ട്. അതിനാല്‍ കേസ് സി.ബി.ഐ.അന്വേഷിക്കുന്നതാകും ഉചിതമെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ ഒന്നിന് മുമ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
കേസില്‍ സി.ബി.ഐ. അന്വേഷണമാകും നല്ലതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകള്‍ മാത്രമേ അന്വേഷിക്കാനാവൂ. അതിനാല്‍ കോടതിയുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സി.ബി.ഐ. അന്വേഷണമാണ് നല്ലതെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബംഗാളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസ് അന്വേഷിക്കുന്നത് സി.ബി.ഐ.യാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഇ.ഡി.യുടെ കേസിന്റെ വിശദാംശങ്ങള്‍ കോടതി ആരാഞ്ഞത്.
ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. അതിനിടെ, സി.ബി.ഐ. അന്വേഷണം വേണോയെന്ന ചോദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ പോലീസിന് അന്വേഷണം നടത്താന്‍ കഴിയുമെന്നും വിദേശ ബന്ധങ്ങളടക്കം അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. കേസ് ഇനി ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
Content Highlights: monson mavunkal case highcourt asks question about cbi inquiry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..