പ്രതീകാത്മക ചിത്രം | Reuters
കാക്കനാട്(കൊച്ചി): പ്രവാസികളുടെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെയും പക്കല്‍നിന്ന് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയ മുന്‍ ബാങ്ക് ജീവനക്കാരനെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
തൃക്കാക്കര ഭാരതമാതാ കോളേജിനു സമീപം പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്സ് ഗ്രൂപ്പ് ഫിന്‍കോര്‍പ്പ് സ്ഥാപന ഉടമ എബിന് വര്‍ഗീസിനെതിരേയാണ് തൃക്കാക്കര പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
എബിന്റെ ഭാര്യ ശ്രീരഞ്ജിനിയുടെ പേരിലും കേസെടുത്തിട്ടുണ്ടെങ്കിലും പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ തയ്യാറാക്കിയിട്ടില്ലെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബി പറഞ്ഞു. അതേസമയം ഇയാള്‍ രാജ്യം വിട്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഒടുവില്‍ ലഭിച്ച ഫോണ്‍ രേഖകള്‍ നെടുമ്പാശ്ശേരിയില്നിന്നായതാണ് സംശയത്തിന് കാരണം. വ്യാഴാഴ്ച പോലീസ് എബിന്റെ തൃക്കാക്കരയിലെ സ്ഥാപനത്തില്‍ പരിശോധന നടത്തി. ഹാര്‍ഡ് ഡിസ്കുകളും ഇടപാട് നടന്നതായി സംശയിക്കുന്ന മറ്റു രേഖകളും തൃക്കാക്കര സി.ഐ. ആര്. ഷാബുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു
തിങ്കളാഴ്ച മുതലാണ് നിക്ഷേപകരുടെ പരാതി പ്രളയം ആരംഭിച്ചത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കിയായിരുന്നു അന്വേഷണം ആരംഭിച്ചത്. ഇപ്പോഴത് ഒരു കോടിക്കു മുകളിലായി. ഇതുവരെ മുപ്പ തോളം പരാതികളാണ് ലഭിച്ചത്. വിദേശത്തുനിന്ന് ഉള്‍പ്പെടെ കൂടുതല്‍ പേര് പരാതിയുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2014 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി തിങ്കളാഴ്ച മുതലാണ് പൂട്ടിയത്. അടുത്ത കാലം വരെ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം വൈകാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായി എത്തുകയായിരുന്നു.
അക്കൗണ്ടുകള്‍ 'സീറോ'
കാക്കനാട്: എബിന് വര്‍ഗീസിന്റെ അക്കൗണ്ടുകള്‍ കാലിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് ഫ്ലാറ്റുകള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതൊക്കെ വില്‍പ്പന നടത്തിയതായാണ് സംശയം. സ്വന്തമായി ഭൂമിയോ മറ്റ് വീടുകളോ പ്രതിയുടെയോ ഭാര്യയുടെയോ പേരിലുണ്ടോയെന്ന് അന്വേഷിക്കാന്‍ റവന്യൂ വകുപ്പിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
Content Highlights: money fraud case against masters group fincorp owner ebin varghese kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..