റജീബ്
പെരിന്തൽമണ്ണ: ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ പ്രതിക്ക് പോക്സോ നിയമപ്രകാരം രണ്ടുതവണ ഇരട്ടജീവപര്യന്തവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം രണ്ടുതവണ പത്തും ഏഴും വർഷം തടവും പിഴയും വിധിച്ചു. കക്കൂത്ത് കിഴക്കേക്കര റജീബിനെ(38) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് ശിക്ഷിച്ചത്. ഓരോ കേസും വെവ്വേറെ പരിഗണിച്ച് പ്രത്യേകം ശിക്ഷ വിധിക്കുകയായിരുന്നു. പിഴ ഒഴികെ രണ്ടു കേസുകളിലും ഒരേ ശിക്ഷയാണ്.
ഒമ്പതുകാരിയെ പീഡിപ്പിച്ചതിന് 1.2 ലക്ഷം രൂപയും പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് 1.8 ലക്ഷം രൂപയുമാണ് പിഴ. ആകെ തടവുശിക്ഷ 90 വർഷം വരുമെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഇതനുസരിച്ച് പോക്സോ പ്രകാരമുള്ള ഇരട്ടജീവപര്യന്തത്തിന് 28 വർഷവും ഇന്ത്യൻ ശിക്ഷാനിയപ്രകാരമുള്ള 10, ഏഴ് വർഷങ്ങൾ എന്നിവയും ചേർത്ത് 45 വർഷമാണ് റജീബ് ജയിലിൽ കഴിയേണ്ടത്. പെരിന്തൽമണ്ണ സബ് ജയിലിലേക്ക് മാറ്റിയ പ്രതിയെ അടുത്തദിവസം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും. പിഴയിൽ ഒരു ലക്ഷം രൂപ ഒമ്പതുവയസ്സുകാരിക്കും 1.6 ലക്ഷം രൂപ പത്തുവയസ്സുകാരിക്കും നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനുപുറമെ ലീഗൽ സർവീസ് സൊസൈറ്റിയിൽനിന്ന് നഷ്ടപരിഹാരവും നിർദേശിച്ചിട്ടുണ്ട്.
പത്തുവയസ്സുകാരിയെ 2012 മുതൽ 2016 വരെയും ഒമ്പതുവയസ്സുകാരിയെ 2014-ൽ ഒരു വർഷവും റജീബ് പീഡിപ്പിച്ചുവെന്നാണ് കേസ്. കോഴിക്കച്ചവടവും പരചരക്ക് കടയും നടത്തിയിരുന്ന പ്രതി, വിവരം പുറത്തറിഞ്ഞാൽ കോഴിയെ അറക്കുംപോലെ അറക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി. ഒരു ദിവസം വഴിയിൽ വെച്ച് ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നതുകണ്ട ഒരാൾ പിതാവിനെ വിവരമറിയിക്കുകയും പിതാവ് ചൈൽഡ് ലൈനിൽ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടികൾ പോലീസിൽ മൊഴി നൽകി. കേസെടുത്തതറിഞ്ഞ് റജീബ് മുങ്ങി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും പോലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഇതുപ്രകാരം കീഴടങ്ങിയ ഇയാൾ ഏതാനും മാസം റിമാൻഡിലായിരുന്നു. രണ്ടിലും പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..