ലിസൺ
ചെറുതോണി: കരിമ്പന് സമീപം ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കദളിക്കുന്നേല്‍ ലിസണ്‍ (കുട്ടപ്പന്‍-40) ആണ് പിടിയിലായത്. സ്വകാര്യ ലാബിലെ ആംബുലന്‍സ് ഡ്രൈവറാണ് ലിസണ്‍.
പോലീസ് പറയുന്നതിങ്ങനെ: ലാബില്‍ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുന്നതിനായി ലാബുടമ ലിസണെ ചുമതലപ്പെടുത്തിയിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ തടിയമ്പാടിന് സമീപം പിന്നിലിരുന്ന യുവതിയെ വാഹനം ഓടിക്കുന്നതിനിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ബഹളംവെച്ച യുവതി വാഹനം നിര്‍ത്തിച്ച് ഇറങ്ങി ഓടി. പിന്നാലെയെത്തിയ ലിസണ്‍ യുവതിയെ അനുനയിപ്പിച്ച് വാഹനത്തില്‍ തിരികെയെത്തിച്ചു. ഇതോടെ മുന്‍പിലിരുന്ന യുവതി ഭയന്ന് പിന്‍സീറ്റിലേക്ക് മാറി.
കരിമ്പന് സമീപം അട്ടിക്കളത്ത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിര്‍ത്തി ലിസണ്‍ ആംബുലന്‍സിന്റെ പിന്നില്‍കയറി വീണ്ടും യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതികള്‍ ബഹളംകൂട്ടിയതോടെ ഇയാള്‍ ഡ്രൈവര്‍സീറ്റില്‍ ചാടിക്കയറി വാഹനമോടിച്ചുപോയി. ചുരുളിയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ യുവതികള്‍ ഇവരില്‍ ഒരാളുടെ അച്ഛനോട് സംഭവം പറഞ്ഞു.
അപ്പോഴേക്കും യുവതികള്‍ ഭയന്ന് സമനിലതെറ്റിയ അവസ്ഥയിലായിരുന്നു. അച്ഛനും നാട്ടുകാരുംചേര്‍ന്ന് യുവതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇടുക്കി പോലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്, ലിസന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
മുമ്പും സമാനമായ പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെന്ന് ഇടുക്കി സി.ഐ. ബി.ജയന്‍ പറഞ്ഞു. ലിസണെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
സി.ഐ.ക്കൊപ്പം മുഹമ്മദാലി, എസ്.സി.പി.ഒ.മാരായ നജീബ്, ജീന്‍, സ്റ്റാന്‍ലി എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: molestation attempt against women in ambulance driver arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..