പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ പ്രതികരിച്ച യുവാവിനോട് കയർക്കുന്ന പ്രതികളിൽ ഒരാളുടെ ദൃശ്യം
കൊച്ചി: പിതാവിനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പതിനാറുകാരിക്കു നേരേ അതിക്രമം നടത്തിയ അഞ്ചുപേര്‍ ഇപ്പോഴും കാണാമറയത്തുതന്നെ. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെങ്കിലും പിടിക്കാനായിട്ടില്ല. എല്ലാവരും ഒളിവിലാണ്. ഇവര്‍ മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല. ഒളിയിടത്തെക്കുറിച്ച് സൂചന കിട്ടിയതായാണ് വിവരം. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശികളാണ് ഇവര്‍. സീസണ് ടിക്കറ്റുകാരായ ഇവര്‍ സുഹൃത്തുക്കളുമാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നാണ് വിവരം. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടും അറസ്റ്റ് ചെയ്യാനാകാത്തത് പോലീസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍നിന്ന് വിവരം തേടാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളുടെയും മറ്റും മൊഴിയെടുക്കും.
ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിനിലാണ് പെണ്‍കുട്ടിക്കു നേരേ അതിക്രമമുണ്ടായത്. തൃശ്ശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിയത്. പോക്സോ പ്രകാരവും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനും ട്രെയിനില്‍ അടിപിടിയുണ്ടാക്കിയതിനുമാണ് കേസെടുത്തത്.
സഹായവുമായി വിക്ടിം റൈറ്റ്സ് സെന്റര്‍
കൊച്ചി: തീവണ്ടി യാത്രയ്ക്കിടയില്‍ 16-കാരിയോട് അതിക്രമം നടത്തിയ സംഭവത്തില്‍ ഇടപെട്ട് വിക്ടിം റൈറ്റ്സ് സെന്റര്‍. വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെയും അച്ഛനെയും ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കി. പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കും. കേരള ലീഗല്‍ സര്‍വീസസ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിക്ടിം റൈറ്റ്സ് സെന്റര്‍. ഹൈക്കോടതി മുന്‍കൈയെടുത്ത് തുടങ്ങിയതാണിത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പോലീസിനോടും തിരക്കിയിട്ടുണ്ട്. സെന്ററിന്റെ പ്രവര്‍ത്തകരായ അഡ്വ. പാര്‍വതി സഞ്ജയ്, അഡ്വ. ഷിബി എന്നിവര്‍ പെണ്‍കുട്ടിയെയും അച്ഛനെയും നേരില്‍ കണ്ട് വിവരങ്ങള്‍ തിരക്കും. പെണ്‍കുട്ടിക്ക് നിയമപരവും അല്ലാത്തതുമായ എല്ലാ സഹായവും വിക്ടിം റൈറ്റ്സ് സെന്റര്‍ വഴി നല്‍കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..