Photo: Mathrubhumi
കൊച്ചി: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയെന്ന കേസില്‍ രണ്ടുപ്രതികള്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയിലാണ് പിതാവിനൊപ്പം യാത്രചെയ്ത 16-കാരിക്ക് നേരേ അതിക്രമമമുണ്ടായത്. തീവണ്ടിയിലുണ്ടായിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും അശ്ലീലം പറഞ്ഞെന്നുമായിരുന്നു പരാതി. പിതാവ് പ്രതികരിച്ചതോടെ ഇവര്‍ ഭീഷണിപ്പെടുത്തി. അതിക്രമത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെയും പ്രതികള്‍ മര്‍ദിച്ചു. സംഭവത്തില്‍ ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് ഗാര്‍ഡിനെ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പിതാവിന്റെ ആരോപണം. ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി പ്രതികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തീവണ്ടി തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ, പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ കഴിയാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. പോലീസ് കേസെടുത്തതോടെ പ്രതികളെല്ലാം ഒളിവില്‍പോയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും വെല്ലുവിളിയായി. തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പോലീസ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം സീസണ് ടിക്കറ്റ് യാത്രക്കാരാണെന്നാണ് പോലീസിന്റെ നിഗമനം. തൃശ്ശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞദിവസം എറണാകുളം റെയില്‍വേ പോലീസിന് കൈമാറിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..