പ്രതിയുടെ വിവിധ സിസിടിവി ദൃശ്യങ്ങൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തില്‍ നിയമവിദ്യാര്‍ഥി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയും തൃശ്ശൂരില്‍ നിയമവിദ്യാര്ഥിയുമായി ശ്യാം ജി.രാജ് ആണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വഞ്ചിയൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. പഴനിയില്‍ പോകാനുള്ള നേര്ച്ചക്കാശ് ചോദിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി മാത്രമേ സംഭവസമയം വീട്ടിലുണ്ടായിരുന്നുള്ളൂ. ആദ്യം കുറി തൊടാനെന്ന ഭാവത്തില്‍ അടുത്തേക്ക് വന്നപ്പോള്‍ പെണ്‍കുട്ടി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇതോടെ അക്രമിയെ തള്ളിമാറ്റി പെണ്‍കുട്ടി ഇറങ്ങിയോടുകയും സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയുമായിരുന്നു. ഇതിനകം അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കൊല്ലത്തെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
നേര്‍ച്ചയുടെ ഭാഗമായാണ് വീടുകളില്‍ കയറി ഭിക്ഷ ചോദിച്ചതെന്നാണ് പ്രതിയുടെ മൊഴി. സിവില്‍ സര്‍വീസ് പരീക്ഷ പാസാകാനായാണ് 1001 വീടുകളില്‍ കയറി ഭിക്ഷ ചോദിച്ച് പഴനിയില്‍ പോകാമെന്ന നേര്‍ന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ മനസ്സ് പതറിപ്പോയെന്നും തുടര്‍ന്നാണ് കടന്നുപിടിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. അതേസമയം, ഇയാളുടെ മൊഴികളൊന്നും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളുടെ പശ്ചാത്തലവും മറ്റും പോലീസ് സംഘം അന്വേഷിച്ചുവരികയാണ്. സമാനരീതിയില്‍ സ്ത്രീകളെ കയറിപിടിച്ച മറ്റുസംഭവങ്ങളുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: molestation against a girl in vanchiyoor trivandrum law student arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..