പ്രതീകാത്മക ചിത്രം/AFP
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് കൂട്ടബലാത്സംഗത്തെ തുടര്‍ന്നാണെന്ന് കുടുംബത്തിന്റെ പരാതി. നാദിയ ജില്ലയിലെ പെണ്‍കുട്ടിയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. പഞ്ചായത്ത് അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് കേസില്‍ മുഖ്യപ്രതിയെന്നും ഇയാളുടെ ജന്മദിനാഘോഷത്തിനിടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതെന്നും കുടുംബം ആരോപിച്ചു.
സംഭവം വിവാദമായതോടെ തൃണമൂല്‍ നേതാവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് തൃണമൂല്‍ നേതാവിന്റെ മകനെതിരേ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അവശയായ നിലയിലാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്നും ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവമുണ്ടായിരുന്നതായും കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.
'സംഭവത്തിന് പിന്നാലെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ആഘോഷം നടന്ന സ്ഥലം പരിശോധിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവിന്റെ മകനും സുഹൃത്തുക്കളും കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്', കുട്ടിയുടെ അമ്മ പ്രതികരിച്ചു. പോസ്റ്റുമോര്‍ട്ടം നടത്താതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി ഒരുസംഘമാളുകള്‍ തിടുക്കം കാണിച്ചെന്നും ഇവര്‍ ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചെന്നും അമ്മ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. തിങ്കളാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹന്‍സ്ഖലി മേഖലയിലാണ് ബി.ജെ.പി. ബന്ദ് ആചരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും അന്വേഷിച്ച് നടപടിയെടുക്കാന്‍ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്നും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സാഷി പഞ്ച മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: minor girl dies in bengal family alleges gang rape tmc local leader son arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..