പ്രതീകാത്മക ചിത്രം | മാതൃഭൂമി
തൃശ്ശൂര്‍: ആലില പറിക്കണമെന്നാവശ്യപ്പെട്ട് അതിഥിത്തൊഴിലാളികളെ ആലിന് മുകളില്‍ കയറ്റിയയാള്‍ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന് മുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൃപ്രയാര്‍ ചേര്ക്കരയിലായിരുന്നു സംഭവം.
ക്ഷേത്രത്തിലെ ആവശ്യത്തിന് ആലില പറിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരാള്‍ ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളെ സമീപിച്ചത്. ക്ഷേത്രാവശ്യത്തിനുള്ള ഇലയായതിനാല്‍ ശുദ്ധി വേണമെന്നും അതിനാല്‍ വസ്ത്രങ്ങള്‍ അഴിച്ച് ആലില്‍ കയറണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് വസ്ത്രങ്ങളെല്ലാം താഴെ അഴിപ്പിച്ചുവെച്ച് തോര്‍ത്ത് മാത്രം ഉടുപ്പിച്ചാണ് തൊഴിലാളികളെ ആലിന് മുകളില്‍ കയറ്റിയത്.
എന്നാല്‍ ഏറെനേരം ഇല പറിച്ചിട്ടശേഷം ഇത് മതിയോ എന്നറിയാന്‍ താഴോട്ട് നോക്കിയപ്പോള്‍ കൊണ്ടുവന്നയാളെ കാണാനില്ലായിരുന്നു. ഇതോടെ തൊഴിലാളികളില്‍ ഒരാള്‍ മരത്തില്‍നിന്ന് താഴെയിറങ്ങി പരിശോധിച്ചപ്പോഴാണ് ഉള്‍വസ്ത്രത്തിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടെന്ന് മനസിലായത്. പിന്നാലെ കൈയിലുണ്ടായിരുന്ന 80 രൂപയുമായി തൊഴിലാളികള്‍ ഓട്ടോ വിളിച്ച് വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി പരാതി അറിയിക്കുകയായിരുന്നു.
ഇല പറിക്കാന്‍ കൊണ്ടുപോയ യുവാവ് നല്കിയ ഫോണ്‍ നമ്പറില്‍ പോലീസ് വിളിച്ചെങ്കിലും ഇയാള്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു. ട്രൂകോളറില് നമ്പര്‍ പരിശോധിച്ചപ്പോള്‍ വിനോദ്, ജാര്‍ഖണ്ഡ് എന്ന പേരാണ് കാണിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: migrant labours robbed in triprayar thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..