മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജിൽ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ
കല്പറ്റ: മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ ലഹരി ഉപയോഗം കണ്ടെത്തിയ സാഹചര്യത്തില്‍ വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി.
കോളേജിലും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ഥികളുടെ താമസസ്ഥലങ്ങളിലുമാണ് കല്പറ്റ എക്‌സൈസ് റേഞ്ചിന്റെയും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സഹകരണത്തോടെ ചൊവ്വാഴ്ച പരിശോധന നടന്നത്. തുടര്‍ന്ന്, കോളേജില്‍ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ വാടകയ്ക്കുതാമസിക്കുന്ന സ്ഥലങ്ങളിലും കോളേജ് പരിസരത്തും പരിശോധന കര്‍ശനമാക്കും.
കോളേജിലെ 600 വിദ്യാര്‍ഥികളില്‍ 500 പേരും മറ്റുജില്ലയില്‍നിന്നുള്ളവരാണ്. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്ലാത്തതിനാല്‍ ഭൂരിഭാഗംപേരും കോളേജ് പരിസരത്തായി വാടകവീടുകളിലാണ് താമസിക്കുന്നതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞദിവസം കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
രണ്ടുപേര്‍ അറസ്റ്റില്‍
മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ. ജില്ലാവൈസ് പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കോളേജിലെ വിദ്യാര്‍ഥികളായ പിണങ്ങോട് പാറപ്പുറം മുഹമ്മദ് ഫര്‍ഹാന്‍ (20), താമരശ്ശേരി കട്ടിപ്പാറ കല്ലുവീട്ടില്‍ മുഹമ്മദ് അസ്ലം (20) എന്നിവരാണ് പിടിയിലായത്. കല്പറ്റ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡുചെയ്തു.
ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. മറ്റുപ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
യു.ഡി.എഫ്. ജനപ്രതിനിധികള്‍ മേപ്പാടി സ്റ്റേഷന്‍ ഉപരോധിച്ചു
മേപ്പാടി: മേപ്പാടി പോളിടെക്നിക് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സാലിമിനെയും മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ അഷ്‌കര്‍ അലിയെയും ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ജനപ്രതിനിധികള്‍ മേപ്പാടി സ്റ്റേഷന്‍ ഉപരോധിച്ചു.
മേപ്പാടി, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ യു.ഡി.എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമരം.
അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യാമെന്നും നിരപരാധികളായ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കില്ലെന്നും ഡിവൈ.എസ്.പി. മുഹമ്മദ് ഷെരീഫ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജഷീര്‍ പള്ളിവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യു.ഡി.എഫ്. നേതാക്കളായ റസാഖ് കല്പറ്റ, പി.പി. ആലി, ടി. ഹംസ, യഹ്യാഖാന്‍ തലക്കല്‍, ബി.സുരേഷ്ബാബു, ഒ.പി. റോയ്, പി.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
മേപ്പാടി പോളിയിലെ മോഷണം: കര്‍ശന നടപടിവേണം -എസ്.എഫ്.ഐ.
മേപ്പാടി പോളിടെക്നിക് കോളേജില്‍നിന്ന് ഫങ്ഷന്‍ ജനറേറ്ററുള്‍പ്പെടെയുള്ളവ യു.ഡി.എസ്.എഫ്. നേതാക്കള്‍ മോഷ്ടിച്ചെന്ന് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി ആരോപിച്ചു. യു.ഡി.എസ്.എഫ്. നിയന്ത്രണത്തിലുള്ള ലഹരിമാഫിയാസംഘം താമസിക്കുന്ന സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് കോളേജ് ലാബില്‍നിന്ന് മോഷണം പോയ 13,000 രൂപ വിലയുള്ള ഫങ്ഷന്‍ ജനറേറ്ററുള്‍പ്പെടെ കണ്ടെത്തിയത്. കോളേജ് യൂണിയന്‍ ചെയര്‍മാനായി കഴിഞ്ഞദിവസം തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എസ്.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് സാലിം, എം.എസ്.എഫ്. യൂണിറ്റ് ജോയന്റ് സെക്രട്ടറി റഷ്മില്‍ എന്നിവര്‍ താമസിക്കുന്ന മുറിയില്‍നിന്നാണ് ജനറേറ്റര്‍ കണ്ടെടുത്തത്. ലഹരിമാഫിയാസംഘമായ 'ട്രാബിയോക്' അംഗങ്ങളാണിവര്‍. ഇവരെ സംരക്ഷിക്കുന്നത് ടി. സിദ്ദിഖ് എം.എല്‍.എ.യാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.
പ്രതിഷേധപ്രകടനം നടത്തി
മേപ്പാടി പോളിടെക്നിക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു, എം.എസ്.എഫ്. പ്രവര്‍ത്തകരെ അകാരണമായി വീടുകളില്‍ കയറി അറസ്റ്റുചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കല്പറ്റയില്‍നടന്ന പ്രതിഷേധപ്രകടനത്തിന് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, സംസ്ഥാനസെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, അരുണ്‍ദേവ്, ജില്ലാ വൈസ് പ്രസിഡന്റ് അസീസ് വാളാട്, ജില്ലാ സെക്രട്ടറിമാരായ ഡിന്റോ ജോസ്, ഷിജു ഗോപാലന്‍, ഷഫീര്‍ പഴേരി, വി.സി. വിനീഷ്, അനീഷ്, എം.ജെ., ജിനു കോളിയാടി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സിജു പൗലോസ്, ബൈജു പുത്തന്‍പുരക്കല്‍, ജിജോ തരിയോട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പോലീസ് സി.പി.എം. പറയുംപോലെ പ്രവര്‍ത്തിക്കുന്നു -യൂത്ത് കോണ്‍ഗ്രസ്
കല്പറ്റ: മേപ്പാടി പോളിയിലെ പരാജയത്തെത്തുടര്‍ന്നുള്ള അക്രമത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐയും വിട്ടുനില്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സി.പി.എം. നേതാക്കള്‍ പറയുന്നതുപോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ഓഫീസില്‍നിന്ന് പറയുന്ന പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുന്ന പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടിക്കാരും പോലീസും വീടുകള്‍കയറി ആക്രമം നടത്തുകയാണ്.
മേപ്പാടി പോളിടെക്നിക്കില്‍ ലഹരിമാഫിയ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥകാരണം എസ്.എഫ്.ഐ.യുടെ പിന്തുണയും പോലീസിന്റെ വീഴ്ചയുമാണ്. എസ്.എഫ്.ഐ. യൂണിയന്‍ കൈകാര്യംചെയ്തിരുന്ന സമയത്ത് ലഹരിമാഫിയക്കെതിരേ ഒരുപ്രവര്‍ത്തനവും നടത്താതെ വളരാനുള്ള ഊര്‍ജംനല്‍കുകയാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പോലീസ് എസ്.എഫ്.ഐ.യുടെ തിരക്കഥയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്നു -യു.ഡി.എസ്.എഫ്.
മേപ്പാടി പോളിടെക്നിക് വിഷയത്തില്‍ പോലീസ് എസ്.എഫ്.ഐ.യുടെ തിരക്കഥയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുകയാണെന്ന് എം.എസ്.എഫ്-കെ.എസ്.യു. നേതൃത്വം ആരോപിച്ചു. സംഘര്‍ഷമുണ്ടായതുമുതല്‍ ഏകപക്ഷീയമായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.
സംഭവത്തിന്റെ മറവില്‍ എസ്.എഫ്.ഐ. മറ്റുജില്ലകളില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. വിദ്യാര്‍ഥികളെ മര്‍ദിക്കുകയും വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെ ജനാധിപത്യപരമായി പ്രതിരോധിക്കുമെന്നും എം.എസ്.എഫ്.-കെ.എസ്.യു. ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: meppadi polytechnic college clash aparna gowri sfi case excise search in college and rented homes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..