പ്രതീകാത്മക ചിത്രം/മാതൃഭൂമി
കോട്ടയ്ക്കല്‍(മലപ്പുറം): ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് നാടിനെയാകെ മുള്‍മുനയിലാക്കിയത്. ഒടുവില്‍ ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ഏഴുമണിയോടെയാണ് 21-കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളില്‍ കയറിയത്. ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എന്നാല്‍ ഇവരുടെ അനുരഞ്ജന ശ്രമങ്ങളും ഫലംകണ്ടില്ല. യുവാവിന്റെ ഭാര്യാപിതാവും യുവാവിനെ അനുനയിപ്പിക്കാനായി വീടിന് മുകളില്‍ കയറി. ഇദ്ദേഹം കുഞ്ഞിനെ കൈമാറാന്‍ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് യുവാവ് തന്നെ ഭാര്യാപിതാവിന് കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞിന്റെ ജീവന് സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും വീടിന് മുകളില്‍ കയറി യുവാവിനെ കീഴടക്കി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചത്.
അഞ്ചരമണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനായ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഇയാള്‍ പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നതായും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായുമാണ് വിവരം. തത്കാലത്തേക്ക് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Content Highlights: mentally challenged father attempts to kill his infant son in kottakkal both rescued later
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..