കൂറിയർ സ്ഥാപനത്തിൽ പാഴ്സലായി എത്തിയ മയക്കുമരുന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ.
മഞ്ചേരി: അന്തമാനില്‍നിന്ന് കൂറിയര്‍വഴി അയച്ച മാരകമയക്കുമരുന്നായ അരക്കിലോ മെത്താംഫിറ്റമിന്‍ എക്‌സൈസ് സംഘം പിടികൂടി.
മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൂറിയര്‍ സ്ഥാപനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് എം.ഡി.എം.എ. പാഴ്സലായി എത്തിയത്. ഇതുവാങ്ങി മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശികളായ മൂന്നുപേരെ എക്‌സൈസ് സംഘം കാത്തിരുന്ന് പിടികൂടി. കോണോംപാറ പുതുശ്ശേരി വീട്ടില്‍ റിയാസ് (31), പട്ടര്‍കടവ് പഴങ്കരക്കുഴിയില്‍ നിഷാന്ത് (23), പട്ടര്‍ക്കടവ് മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരാണ് പിടിയിലായത്.
ഇവര്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. നിഷാന്തിന്റെ പേരിലാണ് എം.ഡി.എം.എ. പാഴ്സല്‍ വന്നത്. പീനട്ട് ബട്ടര്‍, ഫ്രൂട്ട്ജാം എന്നിവ നിറച്ച പാക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു.
അന്തമാനിലുള്ള മലപ്പുറം സ്വദേശി മുഹമ്മദ് സാബിക്കാണ് കൂറിയര്‍ അയച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഇയാളുടെ സുഹൃത്തായ പ്രതി റിയാസാണ് മയക്കുമരുന്നിനുള്ള പണം അയച്ചുകൊടുത്തത്. നേരത്തേയും റിയാസിന് ഇത്തരത്തില്‍ അന്തമാനില്‍നിന്ന് കൂറിയര്‍ എത്തിയിരുന്നു. ഇതുസ്വീകരിച്ച് എം.ഡി.എം.എ. വില്പനനടത്തിയ ആള്‍ പിടിയിലായിരുന്നു. ഇതോടെ സാബിക്ക് നിഷാന്തിന്റെ പേരില്‍ കൂറിയര്‍ അയയ്ക്കുകയായിരുന്നു.
കേസിലെ ഒന്നാംപ്രതിയായ റിയാസ് കൈമാറുന്ന മയക്കുമരുന്ന് ചെറുപായ്ക്കറ്റുകളിലാക്കി വില്പനയ്ക്ക് സഹായിക്കുന്നവരാണ് മറ്റുപ്രതികളെന്ന് എക്‌സൈസ് പറഞ്ഞു. ഗ്രാമിന് മൂവായിരം മുതല്‍ അയ്യായിരം രൂപയ്ക്കാണ് സംഘം വില്പന നടത്തിയിരുന്നത്.
രാവിലെ മുതല്‍ കാത്തുനിന്നു; ഒടുവില്‍ വലയിലാക്കി
കൂറിയര്‍ എത്തുന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സ് വിഭാഗവും ചൊവ്വാഴ്ച രാവിലെ മുതല്‍ മേലാക്കത്തെ കൂറിയര്‍ സ്ഥാപനത്തിനുസമീപം കാത്തുനിന്നു. കൂറിയര്‍ സ്ഥാപനത്തില്‍നിന്ന് പായ്ക്കറ്റിനുമുകളില്‍ രേഖപ്പെടുത്തിയ നമ്പറില്‍ വിളിച്ച് പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും വന്നുകൈപ്പറ്റണമെന്നും അറിയിച്ചതിനെത്തുടര്‍ന്ന് വൈകീട്ടോടെ മൂന്നുപേര്‍ കാറിലെത്തി. പാഴ്സല്‍ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുന്നതിനിടെ ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ വാഹനം പരിശോധിച്ച് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. നിഷാന്തിനെതിരേ നേരത്തേ മഞ്ചേരിയില്‍ കഞ്ചാവുകേസുണ്ട്.
ജില്ലയിലെ ഏറ്റവുംവലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് 25 ലക്ഷത്തോളം രൂപ വിലവരുമെന്നും എക്സൈസ് പറഞ്ഞു. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ്ഷാഫി, ടി. ഷിജുമോന്‍, കെ. പ്രദീപ്കുമാര്‍, കെ. ഷിബുശങ്കര്‍, ടി. സന്തോഷ്, സിവില്‍ ഓഫീസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, ഇ. അഖില്‍ദാസ്, നിതിന്‍ ചോമരി, വി. സച്ചിദാസ്, കെ. സഫീര്‍ അലി, പി.ബി. വിനീഷ്, പി. അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: mdma sent through courier service three arrested in manjeri malappuram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..