ഒകോൻഖോ ഇമ്മാനുവൽ
കാക്കനാട്(കൊച്ചി): കേരളത്തിലേക്ക് രാസലഹരി നിര്‍മിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ബെംഗളൂരുവില്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി ഒകോന്‍ഖോ ഇമ്മാനുവല്‍ ചിതുബേ (32) യെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് കങ്ങരപ്പടി സ്വദേശി ഷെമീം ഷായുടെ വീട്ടില്‍ നിന്നും 15 ലക്ഷം വിലവരുന്ന എം.ഡി.എം.എ. (മെഥലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍) പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്റെ നിര്‍ദേശപ്രകാരം തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം ഷെമീം ഷായെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നൈജീരിയന്‍ സ്വദേശിയിലേക്ക് എത്തിയത്.
ബെംഗളൂരുവില്‍ നിന്നും എം.ഡി.എം.എ. വാങ്ങാന്‍ പണം നല്‍കിയ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതാണ് അന്വേഷണസംഘത്തിന് വഴിത്തിരിവായത്. ഭൂരിഭാഗം അക്കൗണ്ടുകളും ബെംഗളൂരുവിലെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടേതാണന്ന് മനസ്സിലായി. അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശി വലയിലായത്.
രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയില്‍ എത്തിയ നൈജീരിയന്‍ സ്വദേശി ബെംഗളൂരു കേന്ദ്രമാക്കി രാസലഹരി കുക്ക് ചെയ്തു വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അക്കൗണ്ടില്‍ പണം വീണാല്‍ സാധനം റോഡില്‍
രാസലഹരി ആവശ്യമുള്ളവര്‍ക്ക് ബെംഗളൂരുവിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ അക്കൗണ്ട് നമ്പര്‍ വാങ്ങി അതിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടും. അക്കൗണ്ടില്‍ പണം ഇട്ടവര്‍ക്ക് ബെംഗളൂരുവിലെ ഏതെങ്കിലും റോഡരികില്‍ രാസലഹരി കവറുകളില്‍ ഇട്ടുവെയ്ക്കും.
പണം വന്നുവെന്ന് ഉറപ്പിച്ച ശേഷം ആവശ്യക്കാര്‍ക്ക് സാധനം വെച്ച സ്ഥലം വീഡിയോ എടുത്ത് ഫോണില്‍ അയച്ചു നല്‍കിയായിരുന്നു കച്ചവട രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.
Content Highlights: mdma cook arrested in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..