സ്‌കൂളിലേക്ക് വന്നത് എക്‌സൈസ് ജീപ്പുകള്‍, ഏഴാംക്ലാസ് മുതല്‍ ലഹരി ഉപയോഗം; കൈവിട്ടോ കുട്ടികള്‍?


പ്രതീകാത്മക ചിത്രം | Getty Images

കൊച്ചി: 'സ്‌കൂളില്‍ പ്ലസ് വണ്ണിന്റെ അഡ്മിഷന്‍ നടപടികള്‍ നടക്കുന്ന സമയം. ഉച്ചയായപ്പോഴാണ് എക്സൈസ് വകുപ്പിന്റെ രണ്ട് ജീപ്പുകള്‍ പ്ലസ്ടു വിദ്യാര്‍ഥികളായ ഒമ്പത് കുട്ടികളെയും കൊണ്ട് സ്‌കൂള്‍ പരിസരത്തേക്ക് കടന്നുവന്നു. ഇവര്‍ക്ക് ലഹരിമരുന്ന് നല്‍കിയ ആളുമുണ്ടായിരുന്നു കൂടെ. ഏഴാം ക്ലാസ് മുതല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുണ്ടായിരുന്നു കൂട്ടത്തില്‍. ചെറുപ്പത്തിലേ ലഹരി ഉപയോഗിച്ചുതുടങ്ങിയ കുട്ടി വഴിയാണ് ഇപ്പോള്‍ ലഹരിമരുന്ന് വിതരണം. എക്‌സൈസ് സംഘം പറഞ്ഞതു കേട്ട് ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോഴാണ് വൈകുന്നേരം സ്‌കൂള്‍ മുറ്റത്തേക്ക് രണ്ട് പോലീസ് ജീപ്പുകളെത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ബസില്‍ വെച്ച് എന്തോ മോശം അനുഭവമുണ്ടായി. ലഹരിമരുന്ന് ഉപയോഗിക്കുന്ന സഹപാഠികളായ ചിലരും അവരുടെ കൂട്ടുകാരുമായിരുന്നു ഇതിനു പിന്നില്‍. ഇതിനെന്താണ് പരിഹാരം. വിചാരിക്കുന്നതിനുമപ്പുറത്തേക്ക് പോയിക്കഴിഞ്ഞു കേരളത്തിന്റെ അവസ്ഥ. 10 വര്‍ഷം മുമ്പും ഇത്തരം ചില സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴങ്ങനെയല്ല. കുട്ടികളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. നാലഞ്ചു വര്‍ഷമായി സ്ഥിതി കൈവിട്ടുപോയിരിക്കുന്നു.''

ഒരു ഹയര്‍സെക്കന്‍ഡറി അധ്യാപിക തന്റെ സ്‌കൂളില്‍ ഉണ്ടായ അനുഭവമാണ് വിവരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ സ്‌കൂളുകളില്‍ ഇന്ന് പുതുമയല്ലാതായി മാറിയിരിക്കുന്നു. സ്‌കൂളിന് പുറത്ത് നടക്കുന്ന സംഭവങ്ങളാണ് പുറംലോകം അറിയുന്ന വാര്‍ത്തകള്‍. വിദ്യാര്‍ഥികളായതിനാല്‍ ഇളവ് ലഭിക്കുന്നതിനാല്‍ മഹാഭൂരിഭാഗം സംഭവങ്ങളും പുറത്തറിയാതെ പോകുന്നു.

പുറത്തുവരുന്ന കേസകളുടെ എണ്ണം തന്നെ നമ്മെ ഭീതിപ്പെടുത്തുന്നതാണ്. അത്ര ഭീകരമായ വിധത്തില്‍ ലഹരിമരുന്ന് കൗമാരക്കാരേയും യുവാക്കളേയും വീഴ്ത്തി കഴിഞ്ഞിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ലഹരിമരുന്നിടപാടുകളുടെ ഹബ്ബായി മാറുകയാണ് കൊച്ചിയെന്ന് തോന്നിപ്പോകും. എങ്ങോട്ടാണ് മെട്രോ നഗരത്തിന്റെ പോക്ക്.

രാസലഹരിയില്‍ മതിമറന്ന് കൊച്ചി

രണ്ടരക്കോടി രൂപയുടെ രാസലഹരി. ആറുമാസം കൊണ്ട് ബെംഗളൂരു കേന്ദ്രമായുള്ള നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടുന്ന ഒരു ചെറുസംഘം കൊച്ചി നഗരത്തില്‍ വിറ്റഴിച്ച രാസലഹരിയാണ്. 4.5കിലോ എം.ഡി.എം.എ. ഒരു ഗ്രാമിന് 3,500-മുതല്‍ 7000 രൂപ വരെ ഈടാക്കും. കൊച്ചി വളരുകയാണ്. ഒപ്പം ലഹരിയുടെ നീരാളിക്കൈകളും. ഈ വര്‍ഷം മാത്രം അഞ്ചു കിലോയോളം എം.ഡി.എം.എ. കൊച്ചി നഗരത്തില്‍ നിന്നും പരിസരത്തുനിന്നുമായി എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പോലീസ് പിടിക്കുന്നത് വേറെ. കൂടെ എല്‍.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ്, ഹെറോയിന്‍, കിലോക്കണക്കിന് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.

ഫ്രം ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍

ശ്രീലങ്കയില്‍ ചിലയിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കേരളത്തിലേക്കും രാസലഹരി എത്തുന്നുണ്ട്. മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കും. അവിടെ നിന്ന് അഭയാര്‍ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തരം എത്തിക്കുന്നു.

നിര്‍മിക്കാന്‍ നൈജീരിയക്കാര്‍

രാസലഹരിയില്‍ ഏറ്റവും ഡിമാന്‍ഡ് എം.ഡി.എം.എയ്ക്കാണ്. കൈമാറ്റം എളുപ്പം, ഉപയോഗിച്ചാലും കണ്ടെത്താനും പ്രയാസം. കൊക്കൈയിന്‍ പോലുള്ള ലഹരിമരുന്നിനേക്കാള്‍ കിട്ടാന്‍ എളുപ്പവും എം.ഡി.എം.എ. തന്നെ. എം.ഡി.എം.എ.നിര്‍മിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലുണ്ട്. നൈജീരിയന്‍ സംഘമാണ് ഇതിന്റെ പിന്നില്‍.

ലഹരിയുടെ കൊളുത്ത്

ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. (മെത്തിലീന്‍ ഡയോക്‌സി മെത്താംഫെറ്റമിന്‍) യുവാക്കള്‍ക്കിടയില്‍ ഐസ്മെത്ത്, ക്രിസ്റ്റല്‍ മെത്ത്, സ്പീഡ് തുടങ്ങിയ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ഒന്നാണ് എം.ഡി.എം.എ. മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്‍മടങ്ങ് അപകടകാരിയുമാണ്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കും. തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്കെത്തിക്കും. എം.ഡി.എം.എ.യുടെ ഉപയോഗം വൃക്കയേയും ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോള്‍ മരണംവരെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മണമോ, രുചിവ്യത്യാസമോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നല്‍കും. പിന്നീടവര്‍ അടിമകളാകും.

കൂറിയറില്‍ എം.ഡി.എം.എ.: രണ്ടാമനും പിടിയില്‍

കൊച്ചി: ചേരാനെല്ലൂരിലെ കൂറിയര്‍ ഏജന്‍സിയില്‍ 18 ഗ്രാം എം.ഡി.എം.എ. എത്തിയ സംഭവത്തില്‍ കാസര്‍കോട് പടന്ന വടക്കേപ്പുറം സ്വദേശി ഷമീറി (36) നെ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇയാളെ വീട്ടില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കായംകുളം കണ്ടിശേരില്‍ തെക്കേതില്‍ മുഹമ്മദ് അജ്മലിനെ (31) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഇവര്‍ക്ക് കൂറിയറില്‍ എം.ഡി.എം.എ. അയച്ചത് ബെംഗളൂരുവിലുള്ള മലയാളിയാണെന്ന് സൂചന ലഭിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. എടയാറിലെ എന്‍ജിനീയറിങ് കമ്പനിയുടെ വിലാസത്തില്‍ ഇക്കഴിഞ്ഞ 18-നാണ് കൂറിയര്‍ ലഭിച്ചത്. പാഴ്‌സല്‍ അന്വേഷിച്ചെത്തിയ രണ്ടു യുവാക്കള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പാഴ്സല്‍ ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍നമ്പറും കൂറിയര്‍ അന്വേഷിച്ചെത്തിയ ബൈക്കിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു. സമീപത്തെ സി.സി.ടി.വി.യില്‍നിന്നാണ് വാഹനത്തിന്റെ നമ്പര്‍ ലഭിച്ചത്.

തയ്യാറാക്കിയത്- രാജേഷ് ജോര്‍ജ്, വി.പി. ശ്രീലന്‍, പി.പി. ഷൈജു, പി.ബി. ഷെഫീക്

Content Highlights: mdma and other drugs in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented