കാര്‍ കുഴിയില്‍ ചാടി ചെളിവെള്ളം തെറിച്ചു, പ്രതികാരം; തിരുവോണനാളിലെ അരുംകൊലയില്‍ ജീവപര്യന്തം ശിക്ഷ


ശിക്ഷിക്കപ്പെട്ട സെനിൽരാജ്, അനിൽ

മാവേലിക്കര: ഗൃഹനാഥനെ തിരുവോണനാളില്‍ സംഘംചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. താമരക്കുളം വൈശാഖ് വീട്ടില്‍ വേണുഗോപാലിനെ (51) കൊലപ്പെടുത്തിയ കേസിലാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയുടെ വിധി.

ചാരുംമൂട് താമരക്കുളം കാഞ്ഞിത്തറ തെക്കേതില്‍ സെനില്‍രാജ് (സെനില്‍-37), അനില്‍ഭവനം അനില്‍ (കിണ്ടന്‍-40) എന്നിവരെയാണു ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപവീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികം കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട വേണുഗോപാലിന്റെ ഭാര്യ ഉഷാ വേണുഗോപാലിനു നല്‍കാനും കോടതി ഉത്തരവായി.

കേസിലെ മൂന്നാംപ്രതി മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ കിഴക്കേതില്‍ സുഭാഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. മറ്റു പ്രതികളായ കുട്ടമ്പേരൂര്‍ കരിയില്‍ കിഴക്കേതില്‍ സുരേഷ്, ചെന്നിത്തല ഇരമത്തൂര്‍ മിച്ചനാട്ട് വടക്കേതില്‍ മനോജ്, താമരക്കുളം ഷമി മന്‍സില്‍ ഷമി, സുമേഷ് ഭവനം അനൂപ് ആനന്ദ് എന്നിവരെ കോടതി വെറുതേവിട്ടു.

2007 ഓഗസ്റ്റ് 27-ന് തിരുവോണനാളില്‍ രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന വേണുഗോപാലിനെ താമരക്കുളം ജങ്ഷനു സമീപം ഏഴുപ്രതികളും ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ഇരുമ്പുവടികൊണ്ട് ആക്രമിച്ചു. വേണുഗോപാലിനെ പൊക്കിയെടുത്ത് സമീപത്തെ കടയുടെ ഷട്ടറിലേക്കു വലിച്ചെറിയുകയും ചെയ്തു. പരിക്കേറ്റ വേണുഗോപാല്‍ ബൈക്കെടുത്ത് കുടുംബവീട്ടിലേക്കു പോകവേ പ്രതികള്‍ പിന്തുടര്‍ന്ന് താമരക്കുളം ചാവടി ജങ്ഷനു സമീപത്തുവെച്ച് വീണ്ടും ആക്രമിച്ചെന്നും വാച്ചും പണവും അപഹരിച്ചെന്നുമാണു പ്രോസിക്യൂഷന്‍ കേസ്. പരിക്കേറ്റ വേണുഗോപാല്‍ ചികിത്സയിലിരിക്കെ 29-നു രാവിലെയാണു മരിച്ചത്.

കൊലപാതകത്തിനു രണ്ടുമാസം മുന്‍പ് വേണുഗോപാലും ഉഷയും സഞ്ചരിച്ചിരുന്ന കാര്‍ ചാവടി ജങ്ഷനു സമീപത്തെ കുഴിയില്‍ വീണ് ചളിവെള്ളം സമീപത്തുകൂടി പോകുകയായിരുന്ന ഓട്ടോറിക്ഷയിലും അതിലെ യാത്രക്കാരനായ സെനില്‍രാജിന്റെ വസ്ത്രങ്ങളിലും വീണിരുന്നു. ഇതേത്തുടര്‍ന്ന് വേണുഗോപാലും സെനിലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു കേസ്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് ജോണ്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 36 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകള്‍ ഹാജരാക്കി. നൂറനാട് പോലീസ് പ്രാഥമികാന്വേഷണം നടത്തിയ കേസ് കൊല്ലപ്പെട്ട വേണുഗോപാലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

Content Highlights: mavelikkara venugopal murder case two accused get life imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented