അങ്കമാലിയിൽ പിടിച്ച സ്പിരിറ്റ്, അശ്വതി, ഡെനീഷ് ജോയി
അങ്കമാലി: അങ്കമാലിയില്‍ വാടക വീട്ടില്‍നിന്ന് 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പോലീസ് പിടിച്ചെടുത്തു. തൃശ്ശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് ജോയി (32), ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ റോഡില്‍ അങ്കമാലി ടെലിഫോണ്‍ എക്‌സ്ചേഞ്ചിനു സമീപത്തുള്ള വീട്ടില്‍നിന്നാണ് സ്പിരിറ്റും മദ്യവും പിടിച്ചത്.
അങ്കമാലി സ്വദേശിയുടെ വീടാണിത്. ഡെനീഷ് ജോയി ഒരു വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയിട്ട്. തമിഴ്നാട്ടില്‍നിന്നാണ് സ്പിരിറ്റ് എത്തിയിരുന്നത്. കന്നാസുകളിലും കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. 35 ലിറ്റര്‍ വീതമുള്ള 67 കന്നാസ് സ്പിരിറ്റാണ് പിടിച്ചത്. പിക് അപ് വാനില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് സ്പിരിറ്റ് കടത്തിയിരുന്നത്. വാഹനവും വ്യാജ നമ്പര്‍പ്ലേറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മദ്യക്കുപ്പികളില്‍ ഒട്ടിക്കുന്ന ലേബലുകളും കണ്ടെടുത്തിട്ടുണ്ട്.
തമിഴ്നാട്ടില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റും മദ്യവും ഈ വീട്ടില്‍ സൂക്ഷിക്കും. ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്പിരിറ്റും മദ്യവും കയറ്റിവിടുകയാണ് രീതിയെന്ന് പേലീസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന മദ്യക്കുപ്പിയില്‍ ഓരോ പ്രദേശത്തുനിന്നുമുള്ള ഡിമാന്‍ഡ് അനുസരിച്ച് ഈ വീട്ടില്‍ വെച്ച് വിവിധ ബ്രാന്റുകളുടെ ഹോളോഗ്രാം പതിച്ച് അതതിടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
തൃശൂര്‍ റൂറല്‍ പോലീസിനു ലഭിച്ച രഹസ്യവിവരം അങ്കമാലി എസ്.എച്ച്.ഒ.യെ അറിയിച്ചതിനെ തുടര്‍ന്നാണ് വാടകവീട്ടില്‍ പരിശോധന നടത്തിയത്. ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐ.മാരായ എല്‍ദോ പോള്‍, എസ്. ഷെഫിന്‍, എ.എസ്.ഐ. എ.വി. സുരേഷ്, എസ്.സി.പി.ഒ. എം.ആര്‍. മിഥുന്‍, അജിത തിലകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..