മതിലുകളില്‍ ചാടിക്കയറും,വിരല്‍ കുത്തിയോടും കൈയില്‍ എപ്പോഴും ആയുധം..നാടിന്‍റെ ഉറക്കം കെടുത്തിയ 'പൂതം'


മരിയാർപൂതം നോർത്ത് സ്റ്റേഷനിൽ

കൊച്ചി: ജയിലില്‍ നിന്നിറങ്ങിയാലുടന്‍ നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലൊരു മോഷണം. മരിയാര്‍ പൂതത്തിന്റെ പതിവായിരുന്നു അത്. ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയെന്നറിഞ്ഞാലുടന്‍ നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍ പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. അടുത്തയിടെയും മരിയാര്‍പൂതത്തിന്റെ ചിത്രം വെച്ച നോട്ടീസ് പോലീസ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഒട്ടിച്ചിരുന്നു. പ്രദേശത്തെ നാട്ടുകാരും പോലീസും ജാഗ്രതയിലായിരുന്ന സമയത്തുതന്നെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി സംഘടിച്ച സാഹചര്യം വരെയുണ്ട്.

രാത്രി മാത്രം പുറത്തിറങ്ങി നടക്കുന്നതാണു പതിവ്. മോഷണത്തിന് ഇറങ്ങുമ്പോള്‍ കമ്പിപ്പാരയോ വെട്ടുകത്തിയോ എപ്പോഴും കൈയില്‍ കരുതും.മുപ്പത് വര്‍ഷത്തോളം ആക്രിപെറുക്കി നടന്ന് കൊച്ചിയിലെ ഊടുവഴികള്‍ മനപ്പാഠമാക്കിയിട്ടുണ്ട് മരിയാര്‍പൂതം. ചെറുപ്പത്തിലേ മോഷണം തുടങ്ങി. ആളൊഴിഞ്ഞ വീടുകളുടെ മുകളില്‍ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തി പുലര്‍ച്ചെ ട്രെയിനില്‍ പോകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളാണ് കൂടുതലും മോഷണത്തിനായി തിരഞ്ഞെടുക്കുക. വീടിനു പുറത്തുനിന്ന് കോണിപ്പടിയുള്ള, മതിലുകളുള്ള വീടുകളാണ് ഇഷ്ടം. ഒന്നാംനിലയിലെ വാതില്‍ കുത്തിപ്പൊളിച്ചു മാത്രമേ അകത്തുകടക്കൂ. മോഷണത്തിനു ശേഷം ട്രാക് സ്യൂട്ട് ധരിച്ച് പ്രഭാതസവാരിക്കാരനെ പോലെ നടന്ന് പോലീസിനെയും നാട്ടുകാരെയും പറ്റിച്ചിട്ടുമുണ്ട്.

മതിലുകളില്‍ ചാടിക്കയറും, വേഗത്തിലോടും

കണ്‍മുന്നില്‍ കാണുമെങ്കിലും പെട്ടെന്ന് രക്ഷപ്പെടും. മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടാനുള്ള കഴിവുമുണ്ട്. രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരിപ്പ് ഉപയോഗിക്കില്ല. റെയില്‍വേ ട്രാക്കിലൂടെയും അതിവേഗത്തില്‍ ഓടും. വലിയ മതിലുകളില്‍ ചാടിക്കയറാനും മതിലുകളിലൂടെ വേഗത്തില്‍ ഓടാനും ഇയാള്‍ക്ക് കഴിയും. കാലിന്റെ തള്ളവിരലില്‍ ഊന്നി ഓടാനുള്ള കഴിവാണ് ഇയാളെ മിക്കപ്പോഴും രക്ഷപെടാന്‍ സഹായിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല.

നഗരത്തില്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം പതിവാക്കിയതോടെ പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം മൂന്നുതവണ കുളച്ചലിലെത്തിയിരുന്നു. പോലീസ് വീട് വളയുന്നതിന് മിനിറ്റുകള്‍ക്കു മുമ്പ് രക്ഷപ്പെട്ടു. മരിയാര്‍പൂതത്തിന്റെ ഭാര്യ പുനിതയെ നോര്‍ത്ത് പോലീസ് 2012-ല്‍ പിടികൂടിയിരുന്നു. മോഷണ മുതല്‍ വിറ്റിരുന്നത് പുനിതയാണ്.

ആദ്യ മോഷണത്തിനിടെ മരിയാര്‍പൂതത്തെ പിടികൂടിയത് നോര്‍ത്ത് പോലീസാണ്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാള്‍ പിടിയിലാവുകയുമായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് തുടര്‍ച്ചയായി ഈ സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഇയാള്‍ മോഷണം നടത്തിയിരുന്നതെന്ന് പറയുന്നു.

ഇയാള്‍ക്കെതിരേ കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുനൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018-ല്‍ മോഷണക്കേസില്‍ പോലീസ് പിടികൂടിയതിനു പിന്നാലെ രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചു. 2008-ലും മോഷണക്കുറ്റത്തിന് അറസ്റ്റിലായി മൂന്നു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂന്നു തവണ ഇയാളെ തേടി കേരള പോലീസ് കുളച്ചലിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. മിക്കപ്പോഴും പോലീസിനെ വെട്ടിച്ചു കടന്നുകളയുന്നതാണ് പതിവ്.

മോഷണശ്രമത്തിനിടെ വീട്ടുകാരനെ വെട്ടി, മരിയാർപൂതത്തെ നാട്ടുകാർ പിടിച്ചുകെട്ടി പോലീസിലേൽപ്പിച്ചു

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം എറണാകുളം നോർത്ത് പോലീസിന്റെ പിടിയിൽ. നോർത്ത് പോലീസിനു വർഷങ്ങളായി തലവേദനയായി മാറിയ മോഷ്ടാവാണ് മരിയാർപൂതം എന്ന തമിഴ്‌നാട് കുളച്ചൽ പോണംകാട് വെസ്റ്റ് നെയ്യൂർ വാരുവിളയിൽ മരിയ അർപുതം ജോൺസൺ (56). കലൂർ-കത്തൃക്കടവ് ഈസ്റ്റ് കട്ടാക്കര റോഡിൽ മോഷണ ശ്രമത്തിനിടെ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നെടുങ്ങോരപറമ്പ് ദിനേശന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണത്തിനു കയറിയത്. ദിനേശന്റെ വീടിനു മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഈറോഡ് സ്വദേശി കന്ദസ്വാമിയുടെ മുറിയിൽ കയറിയ മരിയാർ പൂതം വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടു. ഇല്ലെന്നു പറഞ്ഞതോടെ കന്ദസ്വാമിയുടെ നെറ്റിയിൽ വെട്ടി. മരിയാർ പൂതത്തെ, കന്ദസ്വാമി വട്ടംപിടിച്ച് ബഹളം വെച്ചു. ഒച്ചകേട്ട് ഓടിവന്ന അയൽക്കാർ മരിയാർ പൂതത്തെ പിടികൂടി കെട്ടിയിട്ട ശേഷം പോലീസിനെ അറിയിച്ചു. കലൂർ ഇഗ്നോ ഓഫീസിൽ കംപ്യൂട്ടർ എൻജിനീയറായ കന്ദസ്വാമിയുടെ നെറ്റിയിൽ മൂന്ന് തുന്നലുണ്ട്.

മരിയാർപൂതത്തിനെതിരേ വധശ്രമത്തിനും കവർച്ചയ്ക്കും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രണ്ട് മാസമായി പരിസര പ്രദേശങ്ങളിൽ മോഷ്ടാവിന്റെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സ്‌ക്വാഡ് രൂപവത്‌കരിച്ച് ഇയാളെ പിടിക്കാൻ നാട്ടുകാർ കാത്തിരിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ കുളച്ചലിൽനിന്ന് ഏഴാം വയസ്സിൽ ആക്രി പെറുക്കുന്നതിന് കൊച്ചിയിലെത്തിയതാണ് മരിയാർപൂതം. പിന്നീട് നാടിനെ വിറപ്പിക്കുന്ന മോഷ്ടാവായി. ഇയാൾ ദീർഘമായ ഇടവേളകളിട്ടേ മോഷ്ടിക്കാറുള്ളൂ.

പിന്നെ, നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറി സ്ഥലം വിടും. പണം തീർന്നു കഴിയുമ്പോൾ അടുത്ത മോഷണത്തിന് നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ എത്തും. സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ കയറി മോഷ്ടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യും.

2018-ലാണ് അവസാനമായി ഇയാളെ നോർത്ത് പോലീസ് പിടികൂടിയത്. 2020-ൽ പുറത്തിറങ്ങിയപ്പോൾ പോലീസ് ഇയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

2008, 2012, 2017 വർഷങ്ങളിലും ഇയാൾ പിടിയിലായിട്ടുണ്ട്. 2008-ൽ മൂന്നര വർഷത്തെ ജയിൽവാസത്തിനുശേഷം 2011 നവംബറിൽ പുറത്തിറങ്ങിയ മരിയാർപൂതം വീണ്ടും മോഷണത്തിനിറങ്ങിയിരുന്നു. നഗരത്തിൽ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് ഇയാൾ മോഷണം നടത്താറുള്ളത്.

Content Highlights: mariyar pootham arrested from ernakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented