പ്രഭു തയ്യാറാക്കിയ 500 രൂപ നോട്ടുകൾ | Photo: Special Arrangement
മറയൂർ: മറയൂർ എസ്.ബി.ഐ. ബ്രാഞ്ച് എ.ടി.എമ്മിൽ കള്ളനോട്ടുകൾ നിക്ഷേപിച്ച കേസിൽ പ്രതികളെ കണ്ടെത്തിയ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് ഏറെ അഭിമാനകരമായ നേട്ടം.
ഒരുമാസത്തെ തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് മൂന്നാർ വാഗവുരൈ സ്വദേശി കനിരാജ് എ.ടി.എമ്മിൽ കള്ളനോട്ട് നിക്ഷേപിച്ചതെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിൽ തങ്ങി പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി മറയൂർ പോലീസ് സംഘം ശ്രമിച്ചു. കള്ളനോട്ട് കൈമാറിയവരെയെല്ലാം പിടികൂടി. ഇവരിൽനിന്നെല്ലാം കള്ളനോട്ടുകളും കണ്ടെടുത്തു. അവസാനം കള്ളനോട്ടടിച്ച് പ്രഭുവിനെയും ഉപകരണങ്ങൾ സഹിതമാണ് പിടികൂടിയത്.
യഥാർഥ നോട്ട് പേപ്പറിന്റെ ഇരുവശവും ഒട്ടിച്ച് ഫോട്ടോസ്റ്റാറ്റ് എടുത്ത് നെയിൽ പോളിഷ് ഉപയോഗിച്ച് മിനുക്കി നോട്ടാക്കി മാറ്റുകയാണ് ചെയ്യുന്നത്. പാതിവിലയ്ക്ക് മറ്റുള്ളവർക്ക് നല്‍കും.
ഡിസംബർ 11-നാണ് എ.ടി.എമ്മിൽ കള്ളനോട്ട് കനിരാജ് നിക്ഷേപിച്ചത്. 17-ന് കനിരാജിനെ പിടികൂടി. 500 രൂപയുടെ 91 കള്ളനോട്ടുകൾ കണ്ടെടുത്തു. പിന്നീട് തമിഴ്നാട് സ്വദേശികളായ രാംകുമാറിനെ 46 കള്ളനോട്ടുകളുമായി ഡിസംബർ 26-ന് അറസ്റ്റുചെയ്തു. ജനുവരി ആറിന് നത്തംപേത്തിയ കൗണ്ടംപട്ടി സ്വദേശി അഴകനെ അഞ്ച് കള്ളനോട്ടുമായും പുതുക്കോട്ട അണ്ണാനഗർ സ്വദേശി പഴനി കുമാറിനെ 10 കള്ളനോട്ടുമായും ജനുവരി ആറിന് പിടികൂടി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുപ്പൂർ കുമരലിങ്കം സ്വദേശി ഹക്കീം രണ്ടു കള്ളനോട്ടുമായി പിടിയിലായി. ഇയാളിൽ നിന്നാണ് പ്രഭുവാണ് കള്ളനോട്ട് നിർമിച്ച് നല്‍കുന്നതെന്ന് കണ്ടെത്തിയത്.
കുമാർ, ശശി, ശശികുമാർ എന്ന് പല പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രഭുവിനെ മൊബൈൽ ഫോൺ നമ്പറുകൾ പരിശോധിച്ച് കണ്ടെത്തുകയായിരുന്നു.
ഉത്തമ പാളയം ഗൂഡല്ലൂർ സ്വദേശിയായ പ്രഭു കുമരലിങ്കത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എന്നാണ് പറഞ്ഞിരുന്നത്. മുൻപ് ഇയാൾ കള്ളനോട്ട് കേസിൽ പിടിയിലായിട്ടുണ്ട്. ഒട്ടൻചത്രം സ്റ്റേഷനിൽ കള്ളനോട്ട് കേസിൽ പ്രതിയായ ഇയാളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിരുന്നില്ല. കുമരലിങ്കത്ത് തമിഴ്നാട് പോലീസിന്റെ ഒരുസഹായവും കേരള പോലീസിന് ലഭിച്ചില്ല.
ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷൈജു റ്റി.കെ., എസ്.ഐ. ടി.ഡി.മുകേഷ്, മറയൂർ ഇൻസ്പെക്ടർ ടി.സി.മുരുകൻ, എസ്.ഐ.മാരായ പി.ജി.അശോക് കുമാർ, സജി പി.ജോൺ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: marayoor sbi branch fake currency case accused arrested milestone for police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..