Photo: twitter.com/ItheWaWambui
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ നിശാക്ലബില്‍ 17 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഈസ്റ്റ് ലണ്ടനിലെ നിശാക്ലബിലാണ് 17 യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ചവരെല്ലാം 18-നും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം, മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
നിശാക്ലബിലെ മേശകളിലും കസേരകളിലും യുവാക്കളുടെ മൃതദേഹങ്ങള്‍ ചിതറികിടക്കുന്ന നിലയിലാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപകടവിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേര് നിശാക്ലബിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെയൊന്നും പോലീസ് അകത്തേക്ക് കയറ്റിവിട്ടിട്ടില്ല. സംഭവസ്ഥലം കനത്ത പോലീസ് കാവലിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, മൃതദേഹങ്ങളിലൊന്നും മുറിവുകളോ മറ്റോ ഇല്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. വിഷാംശം അടങ്ങിയ വാതകം ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചുവീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. നിശാക്ലബിനുള്ളില് തിക്കുംതിരക്കും ഉണ്ടായെന്നും ഇതാണ് നിരവധിപേരുടെ മരണത്തിന് കാരണമായതെന്നും വിവരങ്ങളുണ്ട്. എന്നാല്‍ ഈ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇത്തരത്തിലുള്ള അനുമാനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സൗത്ത് ആഫ്രിക്കന്‍ പോലീസ് സര്‍വീസി(എസ.എ.പി.എസ്)ന്റെ പ്രതികരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..