പ്രതീകാത്മക ചിത്രം/ ANI
മംഗളൂരു: നിരപരാധിയെ പോക്സോ കേസിൽ കുടുക്കി ഒരുവർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന കേസിൽ മലയാളി എസ്.ഐ. ഉൾപ്പെടെ രണ്ട് വനിതാ പോലീസുകാർക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലെ മലയാളി എസ്.ഐ. പി.പി. റോസമ്മ, ഇൻസ്പെക്ടർ രേവതി എന്നിവരെയാണ് സെക്കൻഡ് അഡീഷണൽ പോക്സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് നവീൺ സക്കറിയയെ മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്യുന്നത്.
പെൺകുട്ടി പറഞ്ഞ പേരുമാത്രം മുഖവിലയ്ക്കെടുത്ത് നവീൺ സക്കറിയക്കെതിരേ റോസമ്മ എഫ്.ഐ.ആർ. ഫയൽചെയ്തു. തുടരന്വേഷണം ഇൻസ്പെക്ടർ രേവതിയായിരുന്നു നടത്തിയത്. ഇവർ നടത്തിയ അന്വേഷണത്തിലും സക്കറിയ തെറ്റ് ചെയ്തെന്ന് കണ്ടെത്തി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ജാമ്യമെടുക്കാൻ ആൾ വരാത്തതിനെത്തുടർന്ന് ഇയാൾ ഒരുവർഷത്തോളം ജയിലിൽ കിടന്നു. കേസ് കോടതിയിൽ വന്നപ്പോൾ നവീണിന്റെ വക്കീലുമാരായ രാജേഷ് കുമാർ അംടാഡിയും ഗിരീഷ് ഷെട്ടിയും തെളിവുസഹിതം വാദിച്ചതോടെ കോടതിക്ക് സത്യം ബോധ്യപ്പെട്ടു.
മതിയായ തെളിവില്ലാതെ പെൺകുട്ടി പറഞ്ഞ പേരുമാത്രം കേട്ടാണ് നവീണിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ജഡ്ജ് കെ.യു. രാധാകൃഷ്ണൻ നിരീക്ഷിച്ചു. തുടർന്ന് നവീൺ നിരപരാധിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്ഥരോടും പിഴത്തുകയായ അഞ്ചുലക്ഷം രൂപ നിരപരാധിയായ നവീൺ സക്കറിയക്ക് നൽകാനും കോടതി വിധിച്ചു. നിരപരാധിയെ പോക്സോ കേസിൽ കുടുക്കിയ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് ചീഫ് സെക്രട്ടറിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: mangaluru arrest of innocent court fines women police officers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..