ഹോട്ടലിൽനിന്നുളള സിസിടിവി ദൃശ്യം | Screengrab: Youtube.com/Crime Attach News
ന്യൂഡല്‍ഹി: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ 54-കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ദീപക് സേഥിയെയാണ് ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാര്‍ച്ച് 30-ാം തീയതി വ്യാഴാഴ്ച രാത്രിയാണ് ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. രാത്രി 8.50-ഓടെ ഒരു സ്ത്രീക്കൊപ്പമാണ് ഇയാള്‍ ഹോട്ടലിലെത്തിയത്. ഈ സ്ത്രീ അര്‍ധരാത്രി 12.30-ഓടെ ഹോട്ടല്‍മുറിയില്‍നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് പിറ്റേദിവസം മുറിയില്‍നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ജീവനക്കാര്‍ മുറിതുറന്ന് പരിശോധിച്ചപ്പോളാണ് 54-കാരനെ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയും വന്നനിലയിലായിരുന്നു മൃതദേഹം. ദുരൂഹസാഹചര്യത്തിലുള്ള മരണമായതിനാല്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
204-ാം നമ്പര്‍ മുറിയിലാണ് ദീപക്കും സ്ത്രീയും താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ മാനേജരായ കമല്‍ ഭണ്ഡാരിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ''അവര്‍ രണ്ടുപേരെയും കണ്ടപ്പോള്‍ സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല. അര്‍ധരാത്രി 12.24-ഓടെ സ്ത്രീ മുറിയില്‍നിന്ന് പുറത്തേക്ക് പോയെന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ചെക്ക്ഔട്ട് ചെയ്യുമെന്നാണ് ദീപക് പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാവിലെ 9.30-ന് ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉറങ്ങുകയായിരിക്കുമെന്ന് കരുതിയതിനാല്‍ പിന്നീട് വിളിക്കുകയും ചെയ്തില്ല. എന്നാല്‍ ചെക്ക്ഔട്ട് ചെയ്യേണ്ട സമയമായിട്ടും ദീപക്കിനെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാരന്‍ നേരിട്ട് പോയി പരിശോധിക്കുകയായിരുന്നു. വാതിലില്‍ തട്ടിവിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശോധിച്ചതോടെയാണ് ദീപക്കിനെ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു'', മാനേജര്‍ പറഞ്ഞു.
അതിനിടെ, മരിച്ച ദീപക്കും സ്ത്രീയും ഹോട്ടലിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഹോട്ടലിന്റെ റിസപ്ഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
Content Highlights: man who checked in with a woman found dead in hotel room in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..