മരിച്ച ജോർജ്
ചേലക്കര(തൃശ്ശൂര്‍): കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ചികിത്സയില്‍. കോട്ടയം സ്വദേശിയും പരക്കാട്ട് താമസക്കാരനുമായ ചാക്കാംപിള്ളിയില്‍ വീട്ടില്‍ ജോര്‍ജാ(57)ണ് മരിച്ചത്. കുത്തേറ്റ ജോര്‍ജിന്റെ ഭാര്യാസഹോദരിയുടെ മകളുടെ ഭര്‍ത്താവ് സുധാകര്‍ (33), അച്ഛന്‍ പളനിച്ചാമി (60) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേലക്കര പരക്കാട് അങ്കണവാടി പരിസരത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം.
പോലീസ് പറയുന്നതിങ്ങനെ: തമിഴ്‌നാട് സ്വദേശിയായ സുധാകര്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പരക്കാട് അങ്കണവാടിക്കുസമീപം വാടകയ്ക്കാണ് താമസം. പരക്കാട് ക്വാറിയിലെ തൊഴിലാളിയാണ് സുധാകര്‍. ജോര്‍ജിന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ഇയാള്‍ താമസിക്കുന്നത്. ബന്ധുവായ പ്രവീണിനൊപ്പം ഇയാളുടെ വീടിനുമുന്‍പിലെത്തിയ ജോര്‍ജ് സുധാകറുമായി തര്‍ക്കമുണ്ടായി. ജോര്‍ജ് കൈയില്‍ കരുതിയ കത്തിയെടുത്ത് പളനിസ്വാമിയെ കുത്തി. ഇതുകണ്ട് ഓടിയെത്തിയ മകന്‍ സുധാകറിനും കുത്തേറ്റു. പളനിസ്വാമിയും ജോര്‍ജും തമ്മിലുള്ള മല്‍പ്പിടിത്തത്തിനിടെ ജോര്‍ജിനും കുത്തേറ്റു. തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല.
കുത്തേറ്റ ജോര്‍ജ് ബൈക്കില്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ റോഡില്‍ കുഴഞ്ഞുവീണു. തര്‍ക്കം നടന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്ററിനപ്പുറം ജലാലിയ മദ്രസയ്ക്ക് സമീപമാണ് ഇയാള്‍ വീണത്. പ്രദേശവാസികളും ബന്ധുവായ പ്രവീണും ചേര്‍ന്ന് ജോര്‍ജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുത്തേറ്റുകിടന്ന അച്ഛനെയും മകനെയും നാട്ടുകാര്‍ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധാകര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുന്നംകുളം എ.സി.പി. സിനോജ്, ചേലക്കര സി.ഐ. ബാലകൃഷ്ണന്‍, ചേലക്കര എസ്.ഐ. ആനന്ദ് എന്നിവര്‍ സ്ഥലത്തെത്തി.
Content Highlights: man stabbed to death in chelakkara thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..