കൊലപാതകം നടന്ന വീട്ടിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നു, ഇൻസൈറ്റിൽ അലി അക്ബർ, മുംതാസ്, സഹീറ എന്നിവർ
അരുവിക്കര: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയും പെട്രോളൊഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയശേഷം മെഡിക്കൽ കോളേജ് ഓഫീസിലെ സീനിയർ സൂപ്രണ്ട് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. നെടുമങ്ങാട് അഴീക്കോടിനു സമീപം വളവെട്ടി പുലിക്കുഴി അർഷാസിൽ പരേതനായ ബഷീറിന്റെ ഭാര്യ സഹീറ(67), ഇവരുടെ മകൾ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ്(47) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മുംതാസിന്റെ ഭർത്താവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ സൂപ്രണ്ട് വൈ. അലി അക്ബർ(55) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഭാര്യയുമായി പിണങ്ങി വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചുവരികയായിരുന്നു അലി അക്ബർ. വ്യാഴാഴ്ച നോമ്പിന്റെ ഭാഗമായി മുംതാസും സഹീറയും പുലർച്ചെ നാലുമണിയോടെ എഴുന്നേറ്റപ്പോൾ, താഴെയെത്തിയ അലി അക്ബർ മുംതാസുമായി വഴക്കിട്ടു. വഴക്കിനു പിന്നാലെ ഭാര്യയെയും ഭാര്യാമാതാവിനെയും കൈയിൽ കരുതിയിരുന്ന, മീൻവെട്ടാൻ ഉപയോഗിക്കുന്ന വലിയ കത്തികൊണ്ട് അലി അക്ബർ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആദ്യം മുംതാസിനെയാണ് വെട്ടിയത്. പിന്നാലെ രക്ഷിക്കാനെത്തിയ സഹീറയെയും വെട്ടി. തുടർന്ന് കൈയിൽ കരുതിയിരുന്ന ചുറ്റികകൊണ്ട് ഇരുവരുടെയും തലയ്ക്കടിച്ചു. സഹീറ സംഭവസ്ഥലത്തുതന്നെ മരിച്ചു.
തുടർന്ന് സഹീറയുടെയും മുംതാസിന്റെയും ദേഹത്ത് പെട്രോളൊഴിച്ച് അലി അക്ബർ തീകൊളുത്തി. പിന്നാലെ അലി അക്ബറും സ്വയം തീകൊളുത്തി. സംഭവം കണ്ടുപേടിച്ച് അലി അക്ബറിന്റെയും മുംതാസിന്റെയും മകൾ ആർഷ ഇറങ്ങിയോടിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാൽ പുറത്തിറങ്ങാനായില്ല. ആർഷയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഗേറ്റിന്റെ പൂട്ടു തകർത്താണ് വീട്ടിൽ കയറിയത്.
അലി അക്ബറിനെ താഴത്തെ മുറിയിലെ കട്ടിലിൽ പൊള്ളലേറ്റ നിലയിലും മുംതാസിനെ അടുക്കളയിലും സഹീറയെ ഹാളിലും വെട്ടും കുത്തും പൊള്ളലുമേറ്റ നിലയിലും കണ്ടെത്തി. അലി അക്ബറിനെയും മുംതാസിനെയും പോലീസ് ഉടൻതന്നെ മെഡിക്കൽ കോളേജിലെത്തിച്ചു. ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകീട്ട് മുംതാസ് മരിച്ചു. സഹീറയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അലി അക്ബറിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെത്തുടർന്ന് വീടു വിറ്റ് പണം നൽകണമെന്നാവശ്യപ്പെട്ട് അലി അക്ബറും മുംതാസും തമ്മിൽ നിരന്തരം വഴക്കുനടന്നിരുന്നതായും പോലീസ് പറഞ്ഞു.
ഫൊറൻസിക്, വിരലടയാള വിദഗ്‌ധർ, റൂറൽ എസ്.പി.ശില്പ ദേവയ്യ, നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, അരുവിക്കര സി.ഐ. ഷിബുകുമാർ, എസ്.ഐ. സജി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.
ആർഷയ്ക്കു പുറമേ അലി അക്ബർ-മുംതാസ് ദമ്പതിമാർക്ക് അർഷാദ് എന്നൊരു മകനുമുണ്ട്. നവാസ്(ഗൾഫ്), സുനിത എന്നിവരാണ് സഹീറയുടെ മറ്റു മക്കൾ.
ഓൺലൈൻ റമ്മിയും വായ്പകളും; അലി അക്ബറിന് വൻ ബാധ്യതകൾ
അഴിക്കോട്: അഴിക്കോട് വളവെട്ടി പുലിക്കുഴിയിൽ അലി അക്ബറെ ക്രൂരകൃത്യത്തിലേക്കു നയിച്ചത് വൻ കടബാധ്യത. ബന്ധുക്കൾക്ക് ജാമ്യംനിന്നും ഓൺലൈൻ റമ്മി കളിച്ചും ഉണ്ടാക്കിയ കടമാണ് കടബാധ്യതകളുണ്ടാക്കിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഒട്ടേറെ വായ്പകൾക്ക് അലി അക്ബർ ജാമ്യം നിന്നിട്ടുണ്ട്. ഇവരാരുംതന്നെ വായ്പത്തുക കൃത്യമായി അടച്ചിരുന്നില്ല. ഈ തുക അലി അക്ബറിന്റെ ശമ്പളത്തിൽനിന്നു തിരിച്ചുപിടിക്കുകയായിരുന്നു. അടുത്തമാസം സർവീസിൽനിന്നു വിരമിക്കുന്ന അലി അക്ബറിന് ഇതുകാരണം പെൻഷൻപോലും യഥാസമയം കിട്ടാനുള്ള സാധ്യതയില്ല. ഈ പ്രശ്നങ്ങൾ അലി അക്ബറിനെ മാനസികമായി അലട്ടിയിരുന്നു.
കടബാധ്യത തീർക്കാൻ വീട് വിൽക്കണമെന്ന് അലി അക്ബർ നിരവധിതവണ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും ബന്ധുക്കളും ഇതിനു സമ്മതിച്ചില്ല. ഇതുകാരണം വീട്ടിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഓൺലൈൻ റമ്മി കളിക്ക് അടിമയായിരുന്ന അലി അക്ബർ ഇതിനുവേണ്ടിയും പലരിൽനിന്നും വൻ തുക കടം വാങ്ങിയിരുന്നു. കടം വാങ്ങിയവർ പണം തിരികെ ചോദിച്ചപ്പോൾ ഭാര്യ അറിയാതെ അവരുടെ പേരിലുള്ള ചെക്കാണ് നൽകിയത്. ഇതും വീട്ടിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾക്കെതിരേ കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് നിലവിലുണ്ട്.
നാട്ടുകാരുമായി ഒരു അടുപ്പവും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. ജോലിക്കുപോയി മടങ്ങി വന്നാൽ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറഞ്ഞു.
Content Highlights: Man sets himself ablaze after murdering his mother in law and wife
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..