തീവെച്ച മരക്കഷണങ്ങളുടെ അടുത്തുനിന്ന് കിട്ടിയ മണ്ണെണ്ണക്കുപ്പി പരിശോധിക്കുന്ന വിരലടയാളവിദഗ്ധൻ(ഇടത്ത്) വീടിനുപിറകിൽ തീവെച്ച ഭാഗം(വലത്ത്)
വടകര: വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഭാര്യയുടെ വീടിന് തീവെച്ചയാള്‍ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. കൊളാവിപ്പാലത്തെ കൂടത്താഴ അനില്‍കുമാറിനാണ് (50) പരിക്ക്. ഇയാള്‍ ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതായാണ് പോലീസ് നിഗമനം. വടകര കോട്ടക്കടവ് പാറക്കണ്ടി റോഡിലെ കടുങ്ങ്വാന്റവിട ഷാജിയുടെ വീട്ടിലാണ് സംഭവം. ഷാജിയുടെ സഹോദരി ഷീജയുടെ ഭര്‍ത്താവായിരുന്നു അനില്‍കുമാര്‍. ഏറെക്കാലമായി പിരിഞ്ഞുജീവിക്കുകയാണ് ഇരുവരും.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഷാജിയും സഹോദരിയും സഹോദരിപുത്രിയും അമ്മയുമാണ് ഈ വീട്ടില്‍ താമസം. ബൈക്കില്‍ ഇവിടെയെത്തിയ അനില്‍കുമാര്‍ വീടിന്റെ മൂലകളില്‍ അട്ടിയിട്ട മരക്കഷണങ്ങളിലും മുന്നിലും പിന്നിലുമുള്ള വാതിലുകളിലും മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തീകൊടുത്തു.
തുടര്‍ന്ന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെയും സ്കൂട്ടറിന്റെയും ടയറിനും തീ കൊളുത്തി. പത്തോളം കുപ്പികളില്‍ മണ്ണെണ്ണയും പെട്രോളും ഇയാള്‍ കൊണ്ടുവന്നിരുന്നു. ഒഴിഞ്ഞ കുപ്പികള്‍ വീട്ടുപരിസരത്തുനിന്ന് കണ്ടെത്തി. സമീപത്തെ വീട്ടുകാരാണ് തീ ആളിപ്പടരുന്നത് കണ്ടത്.
തുടര്‍ന്ന് ഷീജയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഷീജയും ഷാജിയും എഴുന്നേറ്റെങ്കിലും വാതിലിന് തീപിടിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ എത്തിയതോടെയാണ് വാതില്‍ തുറക്കാനായത്. ഇതിനിടെ ഷാജിക്കുനേരെ അക്രമശ്രമവുമുണ്ടായി. പിന്നീടാണ് വീടിന്റെ പറമ്പിലേക്ക് പോയ അനില്‍കുമാര്‍ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. നാട്ടുകാര്‍ തീ കെടുത്തിയശേഷം പോലീസില്‍ വിവരം അറിയിച്ചു.
വടകര എസ്.ഐ. എം. നിജീഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി ആംബുലന്‍സില്‍ അനിലിനെ ആശുപത്രിയിലേക്ക് മാറ്റി. വയറിന്റെ ഭാഗത്ത് കൂടുതല്‍ പൊള്ളലേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
ഷാജിയുടെ പരാതിപ്രകാരം വടകര പോലീസ് അനിലിനെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 2018-ലും സമാനസംഭവം ഈ വീട്ടില്‍ നടന്നിരുന്നു. അന്ന് ഷാജിയുടെ അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം തീവെക്കാനാണ് ശ്രമിച്ചത്. ഈ സംഭവത്തില്‍ അനിലിനെതിരേ കേസുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. വടകര ഇന്‍സ്പെക്ടര്‍ കെ.കെ. ബിജുവാണ് കേസ് അന്വേഷിക്കുന്നത്.
വന്നത് കൃത്യമായ സന്നാഹങ്ങളോടെ...
കോട്ടക്കടവ് കടുങ്ങ്വാന്റവിട ഷാജിയുടെ വീടിനുനേരെ തീവെക്കാന്‍ അനില്കുമാറെത്തിയത് കൃത്യമായ സന്നാഹങ്ങളോടെയെന്ന് സൂചന. പത്തോളം ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ മണ്ണെണ്ണയും പെട്രോളും കൊണ്ടുവന്നിരുന്നു. കൂടുതലുമുള്ളത് മണ്ണെണ്ണയാണ്. ചിലതില്‍ പെട്രോളുമുണ്ട്. വീടിന് തീവെച്ചശേഷം വീട്ടുകാരെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു. ബൈക്ക് സമീപത്തെ വീട്ടുപറമ്പില്‍ നിര്‍ത്തിയശേഷമാണ് അനില്‍ വീട്ടിലെത്തിയത്. വീടിന്റെ മൂന്ന് മൂലകളില്‍ മരക്കഷ്ണങ്ങള്‍ അട്ടിവെച്ചിരുന്നു.
പെട്ടെന്ന് തീ പടരാന്‍ ഇതില്‍ മണ്ണെണ്ണയൊഴിച്ച ശേഷമാണ് തീയിട്ടത്. കാറിന്റെ ഇന്ധനടാങ്കിന് സമീപത്തുള്ള ടയറിലാണ് തീ കൊളുത്തിയത്. ഇത് പെട്ടെന്ന് കെടുത്താനായതിനാല്‍ ടാങ്ക് പൊട്ടിത്തെറിച്ചില്ല. തിങ്കളാഴ്ചത്തെ സംഭവം വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം അക്ഷരാര്‍ഥത്തില്‍ നടുക്കിയിട്ടുണ്ട്. പുറത്ത് തീ ആളുന്നത് കണ്ടെങ്കിലും അഞ്ച് മിനിറ്റ് നേരത്തേക്ക് പുറത്തിറങ്ങാന്‍പോലും കഴിയാതെപോയെന്ന് ഷാജി പറഞ്ഞു. വാതിലിനുസമീപമാണ് തീ ആളിപ്പടര്‍ന്നത്. നാട്ടുകാര്‍ എത്തിയശേഷമാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്.
Content Highlights: man set fire his wife home in vadakara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..