പ്രതീകാത്മക ചിത്രം | Photo: Pixabay
ബെംഗളൂരു : വഞ്ചനാ കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് മരണപ്പെട്ടെന്ന് വരുത്തിത്തീർക്കാൻ മറ്റൊരാളെ കാറിൽ കത്തിച്ചുകൊലപ്പെടുത്തിയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഭൂമി സർവേയർ കാർക്കള സ്വദേശി സദാനന്ദ ഷെരിഗർ (54), സഹായികളായ ശില്പ (34), സതീഷ് (40), നിത്യാനന്ദ് (40) എന്നിവരാണ് അറസ്റ്റിലായത്.
കാർക്കള സ്വദേശിയായ ആനന്ദ ദേവഡിഗ (55) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് ബൈന്ദൂരിൽ കാറിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. വ്യാജ ഭൂമി രേഖ ഇടപാടുമായി ബന്ധപ്പെട്ട് സദാനന്ദയ്ക്കെതിരേ കാർക്കള പോലീസ് കേസെടുത്തിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് കോടതിയിൽനിന്ന് സമൻസും അടുത്തിടെ വാറന്റും ലഭിച്ചു.
ഇതോടെ അറസ്റ്റിലാകുമെന്ന് ഭയന്ന സദാനന്ദ കാറിൽ കൊലപാതകം നടത്തി താൻ മരിച്ചെന്ന് വരുത്തിത്തീർക്കാൻ തീരുമാനിച്ചു. ഇതിനായി സുഹൃത്തായ ശില്പയുടെ സഹായം തേടി.
ഇരുവരും ചേർന്ന് സദാനന്ദയുടെ പ്രായമുള്ള ആളെ കണ്ടെത്തി മറ്റു രണ്ടുപേരുടെ സഹായത്തോടെ കാറിൽ കയറ്റി ബൈന്ദൂരിലെത്തിച്ചു. ഇയാളെ നിർബന്ധപൂർവം മദ്യം കഴിപ്പിക്കുകയും ഉറക്കഗുളിക കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് കാറിൽവെച്ച് തീകൊളുത്തി കൊന്നു.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ സദാനന്ദയെയും സഹായികളെയും പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..