പ്രതീകാത്മകചിത്രം | Photo : Pixabay
ന്യൂഡല്‍ഹി: ഒരുമിച്ച് ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഗണേശ് നഗറില്‍ താമസക്കാരിയായ രേഖ റാണി (35) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളിയായ മന്‍പ്രീത് സിങ് എന്നയാളാണ് സംഭവത്തില്‍ പിടിയിലായത്. രേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവ് ചെയ്യാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിനു പിന്നാലെയാണ് സമാന സ്വഭാവമുള്ള മറ്റൊരു സംഭവംകൂടി ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുള്ള മന്‍പ്രീത് കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി രേഖാ റാണിക്കൊപ്പം ഗണേശ് നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
പങ്കാളികള്‍ക്കിടയില്‍ പണത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിനേത്തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്താന്‍ മന്‍പ്രീത് തീരുമാനിച്ചത്. ഇതിനായി പ്രത്യേക കത്തി വാങ്ങുകയും ചെയ്തു. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. മന്‍പ്രീത് രേഖയുടെ മുഖത്തും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു.
രേഖയുടെ 15 വയസ്സുള്ള മകളും ഇവര്‍ക്കൊപ്പം ഇവിടെയുണ്ടായിരുന്നു. മകള്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് രേഖയെ മന്‍പ്രീത് കൊലപ്പെടുത്തിയത്. ഇടയ്ക്ക് മകള്‍ ഉണര്‍ന്ന് അമ്മയെ അന്വേഷിച്ചപ്പോള്‍ രേഖ മാര്‍ക്കറ്റില്‍ പോയതായി മന്‍പ്രീത് പറഞ്ഞതായി മകള്‍ പോലീസിന് മൊഴി നല്കി. തുടര്‍ന്ന് സംശയം തോന്നിയ മകള്‍ ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയും ബന്ധുക്കളുമായി തിരികെ എത്തി നോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കാണുകയും ചെയ്തു. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.
കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മന്‍പ്രീത് എന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മന്‍പ്രീത് പഞ്ചാബിലെ സ്വന്തം നാട്ടിലേക്ക് മന്‍പ്രീത് കടന്നു. ഇവിടെനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Content Highlights: Man Kills Live-In Partner, Tries To Chop Up Body
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..