കുമാർ, കൊല്ലപ്പെട്ട സുസ്മിത | Photo: മാതൃഭൂമി
തിരുവനന്തപുരം: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തി. പള്ളിച്ചല്‍, നരുവാമൂട്, മുക്കുനട, സോനു നിവാസില്‍ കുമാര്‍(48) ആണ് കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി കവിതാ ഗംഗാധരന് വിധിച്ചത്.
ഇയാളുടെ ഭാര്യ നേമം, ഫാര്‍മസി റോഡ്, ശിവഗംഗയില്‍ റിട്ട. എസ്.ഐ. ബോധേശ്വരന്നായരുടെ മകള്‍ സുസ്മിത(36)ആണ് കൊല്ലപ്പെട്ടത്. 2016 ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.
വിമുക്തഭടനായ കുമാറിനും സുസ്മിതയ്ക്കും സന്ദീപ്, വൈഷ്ണവി എന്നീ രണ്ട് മക്കളാണുള്ളത്. പൊരുത്തക്കേടുകള്‍ കാരണം വിവാഹമോചനത്തിന് കേസ് കൊടുത്തു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ കോടതി സുസ്മിതയ്ക്കൊപ്പം വിട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും മക്കളെ കുമാറിന്റെ കൂടെവിടാനും നിര്‍ദേശമുണ്ടായിരുന്നു. നേമം ശിവന്‍കോവിലിനു സമീപം വെച്ചാണ് കുട്ടികളെ കൈമാറുന്നത്.
കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി നേമം ശിവന്‍കോവിലിനു സമീപം കാത്തുനിന്ന സുസ്മിതയെ കുമാര്‍ കത്തികൊണ്ട് 21 പ്രാവശ്യം കുത്തിയെന്നാണ് കേസ്. ഇയാളെ നാട്ടുകാര്‍ പിടികൂടി നേമം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മക്കളായ സന്ദീപും വൈഷ്ണവിയും കോടതിയില്‍ കുമാറിനെതിരേ മൊഴിനല്‍കിയിരുന്നു. വിധിയെത്തുടര്‍ന്ന് കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ.അജികുമാര്‍ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..