ഇരുനില വീട്ടില്‍ വെവ്വേറെ താമസം, വെള്ളം മുടക്കിയതില്‍ തര്‍ക്കം; ഭാര്യയെയും മകളെയും വെട്ടിക്കൊന്നു


ഭര്‍ത്താവിന്റെ കുറഞ്ഞ വരുമാനത്തെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. മാത്രമല്ല, പ്രതിക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. 

പ്രതീകാത്മക ചിത്രം | Photo: twitter.com/ghaziabadpolice

ഗാസിയാബാദ്: വെള്ളത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവ് ഭാര്യയെയും മകളെയും വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നന്ദ്ഗ്രാം സ്വദേശി സഞ്ജയ് പാല്‍(42) ആണ് ഭാര്യ രേഖ(36) മകള്‍ താസു(15) എന്നിവരെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട് പൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലീസ് പിടികൂടി. അതേസമയം, സഞ്ജയ്-രേഖ ദമ്പതിമാരുടെ 18-കാരനായ മൂത്തമകനെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. മകനെ കണ്ടെത്താനായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ ഇരട്ടക്കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ദാമ്പത്യപ്രശ്‌നങ്ങളെച്ചൊല്ലി കഴിഞ്ഞ നാലുമാസമായി സഞ്ജയ് പാലും ഭാര്യയും ഇരുനില വീട്ടില്‍ രണ്ടിടങ്ങളിലായാണ് താമസം. സഞ്ജയ് പാലും 18-കാരനായ മകനും താഴത്തെനിലയിലും രേഖയും മകളും മുകള്‍നിലയിലുമായിരുന്നു താമസിച്ചുവന്നിരുന്നത്.

വ്യാഴാഴ്ച രാത്രി രേഖ താഴത്തെ നിലയിലേക്കുള്ള വെള്ളത്തിന്റെ വിതരണം തടസപ്പെടുത്തി. താഴത്തെനിലയിലേക്ക് ടാങ്കില്‍നിന്ന് വെള്ളം വരുന്ന പൈപ്പ് ഇവര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ സഞ്ജയ് പാല്‍ മുകള്‍നിലയിലെത്തി ഇക്കാര്യം ചോദ്യംചെയ്തു. ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ സഞ്ജയ് ഭാര്യയുടെ മുഖത്തടിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ താഴത്തെനിലയിലേക്ക് മടങ്ങിപ്പോവുകയും ഉറങ്ങുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കം എഴുന്നേറ്റ പ്രതി വീണ്ടും ഭാര്യയുടെ മുറിയിലേക്ക് പോവുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന മണ്‍വെട്ടിയും കൈയിലെടുത്താണ് ഇയാള്‍ ഭാര്യയുടെ മുറിയിലെത്തിയത്. തുടര്‍ന്ന് കട്ടിലില്‍ ഉറങ്ങുകയായിരുന്ന ഭാര്യയുടെ മുഖത്ത് മണ്‍വെട്ടി കൊണ്ട് നിരന്തരം അടിച്ചു. പിന്നാലെ മണ്‍വെട്ടി കൊണ്ട് കഴുത്തില്‍ വെട്ടുകയും ചെയ്തു. ഇതിനുശേഷം വീടിന്റെ ടെറസിലേക്കാണ് പ്രതി പോയത്. തുടര്‍ന്ന് ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന മകളെയും വെട്ടിക്കൊന്നു. രണ്ടുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ സഞ്ജയ് വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇയാള്‍ വീടിന്റെ പ്രധാന വാതില്‍ പൂട്ടി രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ താന്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതായി ഇയാള്‍ ബന്ധുവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു.

കൊല്ലപ്പെട്ട രേഖയുടെ മുഖത്ത് പത്തുതവണയോളം മണ്‍വെട്ടി കൊണ്ടുള്ള അടിയേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ബേക്കറി ബിസിനസ് നടത്തിയിരുന്ന പ്രതി ആറുവര്‍ഷം മുമ്പ് നഷ്ടത്തെ തുടര്‍ന്ന് അത് അവസാനിപ്പിച്ചു. പിന്നീട് ഇ- ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

ഭര്‍ത്താവിന്റെ കുറഞ്ഞ വരുമാനത്തെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. മാത്രമല്ല, പ്രതിക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

അതേസമയം, ഇരട്ടക്കൊലപാതകം നടന്ന വീട്ടില്‍നിന്ന് ദമ്പതിമാരുടെ മൂത്ത മകനെ കാണാതായതില്‍ ദുരൂഹത തുടരുകയാണ്. സഞ്ജയ്‌ക്കൊപ്പം വീടിന്റെ താഴത്തെനിലയിലാണ് മകനും കിടന്നിരുന്നത്. കൊലപാതകം നടക്കുമ്പോള്‍ മകന്‍ താഴത്തെമുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് പ്രതി നല്‍കിയ മൊഴി. പിന്നീട് രാവിലെ തന്നോട് പറയാതെ മകന്‍ വീട്ടില്‍നിന്ന് പുറത്തുപോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കാണാതായ മകനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.


Content Highlights: man killed wife and daughter in ghaziabad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented