പ്രതീകാത്മക ചിത്രം | ANI
മുംബൈ: മഹാരാഷ്ട്രയെ ഞെട്ടിച്ച കോലാപുര്‍ യെല്ലമ്മ കുഛ്‌കൊരാവി കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. യെല്ലമ്മയുടെ മകനായ സുനില്‍ രാമ കുഛ്‌കൊരാവി(35)യ്ക്കാണ് കോലാപുര്‍ കോടതി വധശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മഹേഷ് കൃഷ്ണാജി യാദവ് ശിക്ഷ വിധിച്ചത്.
അമ്മയെ കൊന്ന് അവയവങ്ങള്‍ പുറത്തെടുത്ത് വറുത്തുകഴിച്ച സംഭവം സമൂഹ മനസാക്ഷിയെ പിടിച്ചുലച്ചെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു കൊലപാതകം മാത്രമല്ല, അതിക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. അതേസമയം, വിധിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
2017 ഓഗസ്റ്റിലാണ് സുനില്‍ അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ പുറത്തെടുക്കുകയും അതില്‍ ചിലത് വറുത്തുകഴിക്കുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം രക്തത്തില്‍ കുളിച്ചനിലയില്‍ പ്രതി അമ്മയുടെ മൃതദേഹത്തിനരികില്‍ നില്‍ക്കുന്നത് സമീപവാസിയായ കുട്ടിയാണ് ആദ്യം കണ്ടത്. കുട്ടി ഉറക്കെ കരഞ്ഞതോടെ സമീപവാസികള്‍ വിവരമറിയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ചോരയില്‍ കുളിച്ച യെല്ലമ്മയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കീറിമുറിച്ച് ചില അവയവങ്ങളെല്ലാം പുറത്തെടുത്തിരുന്നു. ഹൃദയം ഒരു തളികയില്‍വെച്ച നിലയിലായിരുന്നു. മറ്റുചില അവയവങ്ങള്‍ എണ്ണപാത്രത്തിലും കണ്ടെത്തി. ചില അവയവങ്ങള്‍ പ്രതി ഭക്ഷിച്ചതായും പോലീസ് പറഞ്ഞിരുന്നു. പ്രതിയായ സുനിലിനെ ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ കൊലപാതകവിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ക്കിടയില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് പ്രതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളായിരുന്നു പ്രോസിക്യൂഷന്റെ ബലം. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധവും മറ്റും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ വസ്ത്രത്തിലെ രക്തക്കറ അമ്മയുടെ രക്തമാണെന്ന് തെളിയിക്കുന്ന പരിശോധന റിപ്പോര്‍ട്ടുകളും കോടതിയിലെത്തി.
മദ്യത്തിന് അടിമയായിരുന്ന പ്രതി മദ്യപിക്കാനുള്ള പണത്തിന് വേണ്ടി അമ്മയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ ഇയാളെ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. അമ്മയുടെ പെന്‍ഷന്‍ ഉപയോഗിച്ചായിരുന്നു മദ്യപാനം. ഇതെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനിടെ, പ്രതി മദ്യത്തിന് അടിമയാണെന്നും മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവസമയം പ്രതി മദ്യലഹരിയിലാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി പ്രതിയെ മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
ആ അമ്മ അനുഭവിച്ച വേദന ഒരിക്കലും വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിസ്സഹായയായ അമ്മയെ അയാള്‍ ഇല്ലാതാക്കി. ഇത് മാതൃത്വത്തോട് കാണിച്ച അങ്ങേയറ്റത്തെ അപമാനമാണെന്നും കോടതി പറഞ്ഞു.
Content Highlights: man killed mother fried and ate some body parts in maharashtra gets death sentence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..